ചോഗം ഉച്ചകോടി: മന്‍മോഹന്‍ സിങ്ങ് വിട്ടുനില്‍ക്കും

Sun, 10-11-2013 05:28:00 PM ;
ന്യൂഡല്‍ഹി

chogm summitശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ടത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചുകൊണ്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപക്സെയ്ക്ക് കത്തെഴുതി. നവംബര്‍ 15-16 തിയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇന്ത്യയെ പ്രതിനിധീകരിക്കും.

 

മന്‍മോഹന്‍ സിങ്ങിന്റെ കത്ത് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളോമ്പോയിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ രാജപക്സെയ്ക്ക് കൈമാറും. കത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉച്ചകോടിയില്‍ നിന്ന്‍ വിട്ടുനില്‍ക്കുന്നതിനുള്ള കാരണം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. 

 

തമിഴ് നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ള വിവിധ സംഘടനകളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും സന്ദര്‍ശനത്തെ എതിര്‍ക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ തീരുമാനം. തമിഴ് പുലികളുമായുള്ള  2009-ലെ യുദ്ധത്തില്‍ ശ്രീലങ്ക സൈന്യം വംശഹത്യാ കുറ്റങ്ങള്‍ ചെയ്തുവെന്ന ആരോപണമുന്നയിച്ചാണ് തമിഴ് സംഘടനകള്‍ സന്ദര്‍ശനത്തെ എതിര്‍ത്തത്.   

Tags: