ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടി ഗ്രീക്കുകാര്‍ സ്വയം എച്ച്.ഐ.വി ബാധിതരാവുന്നു

Tue, 26-11-2013 04:40:00 PM ;
പാരിസ്

സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടി ഗ്രീസില്‍ ഒരു വിഭാഗം ജനങ്ങള്‍ മനപൂര്‍വം എച്ച്.ഐ.വി കുത്തി വച്ചു രോഗികളാകുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.  2007-നും 2009-നുമിടയ്ക്കുള്ള സാമ്പത്തിക മാന്ദ്യകാലത്ത് ഗ്രീസിന്റെ സമ്പദ്ഘടന തകര്‍ച്ച നേരിട്ടപ്പോള്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ആത്മഹത്യ നിരക്കും വര്‍ധിച്ചിട്ടുണ്ട്.

 

ഗ്രീസില്‍ അന്താരാഷ്‌ട്ര ധനസ്ഥാപനങ്ങള്‍ നിര്‍ദേശിച്ച സാമ്പത്തിക പരിഷ്കരണങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധവും പ്രകടനങ്ങളും ശക്തമാണ്. ചെലവു ചുരുക്കലിന്റെ പേരില്‍ ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കുകയും ജനദ്രോഹ നടപടികള്‍ ആരംഭിക്കുകയും ചെയ്തതാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ഇതെല്ലാം തന്നെ ഇത്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കി.

 

സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നതിലൂടെ രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ്. 2010-ല്‍ 22 ആയിരുന്നത് പിറ്റേവര്‍ഷം 245 ആയി. ഇതില്‍ പകുതിയും മയക്കുമരുന്നിന് അടിമയായവര്‍ സ്വയം കുത്തിവച്ച് രോഗബാധയുണ്ടാക്കിയതാണെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ വ്യക്തമാക്കി. എല്ലാവരുടെയും ലക്ഷ്യം സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുക എന്നുള്ളതാണ്.

 

ഗ്രീസില്‍ എച്ച്.ഐ.വി ബാധിതര്‍ക്ക് 700 യൂറോ വീതം സര്‍ക്കാരില്‍ നിന്നും ലഭിക്കും. ഡ്രഗ് സബ്സ്റ്റിറ്റിയൂഷന്‍ പ്രോഗ്രാമുകളില്‍ അവര്‍ക്ക് ചേരാം. അതില്‍നിന്ന് ആനുകൂല്യം നേടാന്‍ കഴിയും. ഈ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും ചെറിയ തുകകളും നല്‍കും.  25-നും 39-നും ഇടയിലുള്ളവരാണ് മനപൂര്‍വം എച്ച്.ഐ.വി കുത്തിവക്കുന്നത്.

Tags: