മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം തെറ്റെന്ന് ഫ്രാന്‍സിസ് പാപ്പ

Tue, 17-12-2013 05:06:00 PM ;
റോം

pope francisഈയിടെ പുറത്തുവന്ന തന്റെ ഇടയലേഖനം മാര്‍ക്സിസ്റ്റ്‌ അനുകൂലമാണെന്ന വാദങ്ങളെ കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിരാകരിച്ചു. ഇറ്റലിയിലെ ലാ സ്റ്റാമ്പ ദിനപത്രം ഡിസംബര്‍ 14-ന് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം തെറ്റാണെന്ന് മാര്‍പാപ്പ പ്രതികരിച്ചു.

 

ഇവാഞ്ചലി ഗോഡിയം എന്ന ഇടയലേഖനത്തില്‍ സമ്പത്തിന്റെ അരിച്ചിറങ്ങല്‍ (trickle down) പോലുള്ള മുതലാളിത്ത സാമ്പത്തിക സിദ്ധാന്തങ്ങളെ മാര്‍പാപ്പ കഠിനമായി വിമര്‍ശിച്ചിരുന്നു. സാമ്പത്തിക ശക്തി കയ്യാളുന്നവരിലും നിലനില്‍ക്കുന്ന സാമ്പത്തിക വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളിലുമുള്ള അപക്വവും ബാലിശവുമായ വിശ്വാസമാണ് ഈ സിദ്ധാന്തങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശം. ആര്‍ത്തിയാല്‍ നയിക്കപ്പെടുന്ന ഈ സാമ്പത്തിക വ്യവസ്ഥ അസമത്വം വര്‍ധിപ്പിക്കുകയാണെന്നും മാര്‍പാപ്പ ലേഖനത്തില്‍ പറഞ്ഞിരുന്നു.

 

യു.എസ്സിലെ തീവ്ര-വലതുപക്ഷ മാധ്യമങ്ങളില്‍ നിന്ന്‍ മാര്‍പാപ്പയുടെ നേരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ ഇത് കാരണമായിരുന്നു. ശുദ്ധ മാര്‍ക്സിസം എന്നാണ് പ്രമുഖ റേഡിയോ അവതാരകനായ റഷ് ലിമ്പോഗ് ഈ പരാമര്‍ശങ്ങളെ വിശേഷിപ്പിച്ചത്.

 

എന്നാല്‍, നല്ല മനുഷ്യരായ അനേകം മാര്‍ക്സിസ്റ്റുകാരെ തനിക്കറിയാമെന്നും അതുകൊണ്ട് ഇത്തരം ആരോപണങ്ങളില്‍ തനിക്ക് വിഷമമില്ല എന്ന്‍ മാര്‍പാപ്പ പറഞ്ഞു. അതേസമയം, സഭയുടെ സാമൂഹ്യ അനുശാസനത്തില്‍ ഇല്ലാത്ത ഒന്നും താന്‍ ഇടയലേഖനത്തില്‍ പറഞ്ഞിട്ടില്ലെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സാങ്കേതികമായി സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്താണ് സംഭവിക്കുന്നത് എന്നതിന്റെ ഒരു ചിത്രം അവതരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.  

 

അരിച്ചിറങ്ങല്‍ സിദ്ധാന്തത്തോടുള്ള വിമര്‍ശനം പക്ഷെ, മാര്‍പാപ്പ അഭിമുഖത്തിലും തുടര്‍ന്നു. ഈ സിദ്ധാന്തമനുസരിച്ച് സ്വതന്ത്ര വിപണിയുടെ പിന്‍ബലത്തോടെയുള്ള സാമ്പത്തിക വളര്‍ച്ച സ്വയം സമത്വവും സാമൂഹ്യ ഉള്‍ച്ചേര്‍ക്കലും ഉല്‍പ്പാദിപ്പിക്കും. ഗ്ലാസ് നിറഞ്ഞാല്‍ അത് പുറത്തേക്കൊഴുകി ദരിദ്രര്‍ക്ക് അത് ഉപകാരപ്രദമാകും എന്നായിരുന്നു വാഗ്ദാനം. എന്നാല്‍, സംഭവിച്ചത് നിറഞ്ഞ ഉടന്‍ മാന്ത്രികമെന്നോണം ഗ്ലാസ് പിന്നെയും വലുതായി. ദരിദ്രര്‍ക്കായി അതില്‍ നിന്നൊന്നും പുറത്തേക്ക് വന്നില്ല. മാര്‍പാപ്പ വിശദീകരിച്ചു.

Tags: