ഫേസ്ബുക്ക് സെന്‍സര്‍ഷിപ്പില്‍ ഇന്ത്യ ഒന്നാമത്

Sat, 12-04-2014 05:25:00 PM ;

facebook

 

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് ഫേസ്ബുക്ക് വെള്ളിയാഴ്ച പുറത്തിറക്കിയ സുതാര്യതാ റിപ്പോര്‍ട്ട് അനുസരിച്ച് ഉപയോക്താക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളിലെ ഉള്ളടക്കം തടയുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയും തുര്‍ക്കിയും. ഉപയോക്താക്കളുടെ അക്കൌണ്ട് വിവരങ്ങള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടത് യു.എസും.

 

2013 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യന്‍ അധികൃതര്‍ വിവിധ നിയമങ്ങള്‍ ലംഘിക്കുന്നു എന്നാരോപിച്ച് സെന്‍സര്‍ ചെയ്തത് 4,765 ഫേസ്ബുക്ക് പോസ്റ്റുകളാണ്. സര്‍ക്കാറിനേയോ മതങ്ങളേയോ വിമര്‍ശിക്കുന്നതായിരുന്നു ഇവയില്‍ അധികവുമെന്ന് ഫേസ്ബുക്ക് പറയുന്നു. പോലീസോ ഇന്ത്യയിലെ കംപ്യൂട്ടര്‍ ദ്രുത പ്രതികരണ സംഘമോ (സി.ഇ.ആര്‍.ടി) ആവശ്യപ്പെട്ടത്തിനനുസരിച്ച് ഈ പോസ്റ്റുകള്‍ ഫേസ്ബുക്ക് തന്നെയാണ് തടഞ്ഞത്.   

 

ഫേസ്ബുക്കിന് ഇന്ത്യയില്‍ പത്ത് കോടിയില്‍ പരം ഉപയോക്താക്കളുണ്ട്. യു.എസ് മാത്രമാണ് ഈ എണ്ണത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്.

 

എഡ്വേര്‍ഡ് സ്നോഡന്‍ നടത്തിയ എന്‍.എസ്.എ വിവര ചോരണത്തിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് തങ്ങളുടെ മേല്‍ വിവിധ ഭരണകൂടങ്ങള്‍ നടത്തുന്ന സെന്‍സര്‍ഷിപ്പിന്റെ വിവരങ്ങള്‍ പുറത്തുവിടുന്നത്. ഫെസ്ബുക്കിന്റെ ഇത്തരത്തിലുള്ള രണ്ടാമത്തെ റിപ്പോര്‍ട്ട് ആണിത്. യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.എ ഫേസ്ബുക്ക് അടക്കമുള്ള സൈറ്റുകള്‍ ശേഖരിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് സ്നോഡന്‍ വെളിപ്പെടുത്തിയിരുന്നു.

 

ഈ കാലയളവില്‍ 2,014 ഫേസ്ബുക്ക് പോസ്റ്റുകള്‍ തടഞ്ഞ തുര്‍ക്കിയാണ് ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. ഇതിലധികവും സര്‍ക്കാറിന് എതിരെയുള്ള വിമര്‍ശനങ്ങളാണ്. യൂറോപ്പില്‍ നവനാസി പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ചതിന്റെ പേരില്‍ ജര്‍മ്മനി 84-ഉം ഫ്രാന്‍സ് 80-ഉം ആസ്ത്രിയ 78-ഉം പോസ്റ്റുകള്‍ തടഞ്ഞു.

 

റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗത്ത് രാജ്യങ്ങള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ തേടിയതിന്റെ കണക്കും ഫേസ്ബുക്ക് വെളിപ്പെടുത്തുന്നു. 18,715 ഉപയോക്തളുടെ വിവരങ്ങള്‍ അറിയുന്നതിനായി 12,598 അഭ്യര്‍ഥനകള്‍ നടത്തിയ യു.എസ് ആണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. അടുത്ത സ്ഥാനങ്ങളിലുള്ള ഏഴു രാഷ്ട്രങ്ങള്‍ നടത്തിയ മൊത്തം അഭ്യര്‍ഥനകളെക്കാളും അധികമാണിത്. ഇത്തരം അഭ്യര്‍ഥനകളില്‍ 81 ശതമാനം എണ്ണത്തിലും വിവരങ്ങള്‍ നല്‍കിയതായി ഫേസ്ബുക്ക് അറിയിച്ചു.

 

ഇന്ത്യ ഈ പട്ടികയില്‍ ആറാം സ്ഥാനത്തുണ്ട്. 4,711 ഉപയോക്താക്കളുടെ വിവരങ്ങള്‍ക്കായി 3,598 അഭ്യര്‍ഥനകളാണ് ഇന്ത്യ നടത്തിയത്. ഇതില്‍ 53.66 ശതമാനം എണ്ണത്തില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

Tags: