ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്; റൂസഫ് ആദ്യഘട്ടത്തില്‍ മുന്നില്‍

Mon, 06-10-2014 11:08:00 AM ;
ബ്രസീലിയ

Dilma Rousseff

 

ബ്രസീലില്‍ ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വിജയത്തിനാവശ്യമായ 50 ശതമാനം വോട്ട് ലഭിച്ചില്ല. ആദ്യ സ്ഥാനത്തെത്തിയ നിലവിലെ പ്രസിഡന്റ് ദില്‍മ റൂസഫ് രണ്ടാം സ്ഥാനത്തെത്തിയ എസിയോ നെവേസുമായി ഒക്ടോബര്‍ 26-ന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കും.

 

99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 41.5 ശതമാനം വോട്ടാണ് വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവായ റൂസഫിന് ലഭിച്ചത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നെവേസിന് 33.6 ശതമാനം പിന്തുണയുണ്ട്. അഭിപ്രായ സര്‍വേകളില്‍ റൂസഫിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തുമെന്ന് കരുതപ്പെട്ടിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി മറീന സില്‍വ 21.3 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തായി.

 

ബ്രസീലിലെ പട്ടാള ഭരണത്തിനെതിരെ മാര്‍ക്സിസ്റ്റ്‌ ഗറില്ലാ പോരാളിയായാണ് റൂസഫ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പിന്നീട് മുഖ്യധാരാ രാഷ്ട്രീയത്തില്‍ അനുരഞ്ജനപരമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയയായെങ്കിലും പ്രസിഡന്റ് എന്ന നിലയില്‍ കഴിഞ്ഞ നാല് വര്‍ഷം റൂസഫിന്റെ സാമ്പത്തിക നയങ്ങള്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങളും എതിര്‍പ്പും രാജ്യത്ത് ഉളവാക്കിയിരുന്നു. സാമ്പത്തിക ശാസ്ത്ര വിദഗ്ധനും വാണിജ്യ മേഖലയുടെ പ്രിയങ്കരനുമായ നെവേസ് അതുകൊണ്ടുതന്നെ രണ്ടാം ഘട്ടത്തില്‍ റൂസഫിന് കടുത്ത വെല്ലുവിളി സൃഷ്ടിച്ചേക്കാം.

Tags: