തന്മാത്രാ യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിന് രസതന്ത്ര നോബല്‍

Wed, 05-10-2016 04:29:56 PM ;

ലോകത്തെ ഏറ്റവും ചെറിയ യന്ത്രങ്ങളില്‍ ഒന്നിന്റെ കണ്ടുപിടിത്തം 2016-ലെ രസതന്ത്ര നോബല്‍ പുരസ്കാരത്തിന് അര്‍ഹമായി. തന്മാത്രാ യന്ത്രങ്ങളുടെ രൂപകല്‍പ്പനയിലും സങ്കലനത്തിലും നടത്തിയ പഠനങ്ങള്‍ക്ക് ജീന്‍ പിയറി സുവാഷ്, ഫ്രേസര്‍ സ്റ്റോഡാര്‍ട്ട്, ബെര്‍ണാര്‍ഡ് ഫെറിംഗ എന്നിവര്‍ക്കാണ് പുരസ്കാരം ലഭിക്കുക.  

 

സാധാരണ യന്ത്രങ്ങളെ പോലെയുള്ള എന്നാല്‍ നാനോമീറ്ററുകള്‍ മാത്രം വലിപ്പമുള്ള യന്ത്രങ്ങളുടെ സൃഷ്ടിയിലാണ് ഇവരുടെ പഠനം. തന്മാത്രകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത്. പുതിയ പദാര്‍ത്ഥങ്ങള്‍, സെന്‍സറുകള്‍, ഊര്‍ജ ശേഖരണ സംവിധാനങ്ങള്‍ എന്നിവയില്‍ ഇവ ഉപയോഗപ്പെടുമെന്ന് പുരസ്കാരം നിര്‍ണ്ണയിച്ച റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് അഭിപ്രായപ്പെട്ടു.

 

72-കാരനായ സുവാഷ് ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് സര്‍വ്വകലാശാലയിലും ബ്രിട്ടിഷ് വംശജനായ 74-കാരന്‍ സ്റ്റോഡാര്‍ട്ട് യു.എസിലെ നോര്‍ത്ത്വെസ്റ്റേണ്‍ സര്‍വ്വകലാശാലയിലും 65-കാരനായ ഫെരിംഗ നെതര്‍ലന്‍ഡ്‌സിലെ ഗ്രോനിങ്ങന്‍ സര്‍വ്വകലാശാലയിലുമാണ് പ്രവര്‍ത്തിക്കുന്നത്.   

Tags: