ശ്രീലങ്കാ സഭയുടെ ആദ്യ വിശുദ്ധനായി ജോസഫ് വാസിനെ ഫ്രാന്‍സിസ് പാപ്പ നാമകരണം ചെയ്തു

Wed, 14-01-2015 01:12:00 PM ;
കൊളംബോ

pope francis in srilanka

 

കൊളംബോയില്‍ ബുധനാഴ്ച ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ജോസഫ് വാസിനെ കത്തോലിക്കാ സഭയുടെ വിശുദ്ധനായി ഫ്രാന്‍സിസ് പാപ്പ നാമകരണം ചെയ്തു. 1651-ല്‍ ഗോവയില്‍ ജനിച്ച വാസ് വിശുദ്ധ പദവി ലഭിക്കുന്ന ആദ്യ ശ്രീലങ്കക്കാരനാണ്. മൂന്ന്‍ നൂറ്റാണ്ട് നീണ്ട ആവശ്യമാണ് ഇതോടെ പൂര്‍ത്തീകരിച്ചത്.

 

മതസഹിഷ്ണുതയുടെ ഉദാഹരണമായിരുന്നു വാസെന്നും സമാധാനത്തിന് വേണ്ടി മതത്തിന്റെ വിഭജനങ്ങള്‍ മറികടക്കേണ്ടതിന്റെ പ്രാധാന്യം വാസ് കാണിച്ചുതന്നതായും പാപ്പ പറഞ്ഞു.

 

കാന്‍ഡിയില്‍ എത്തിയപ്പോള്‍ പോര്‍ത്തുഗലിന്റെ ചാരന്‍ എന്ന്‍ കരുതി പിടിക്കപ്പെട്ട വ്യക്തിയാണ് ജോസഫ് വാസ്. വിവിധ രാജ്യങ്ങളായി വിഭജിച്ച് കിടന്നിരുന്ന ശ്രീലങ്കയിലെ തെക്കന്‍ ഭാഗങ്ങളില്‍ കത്തോലിക്കാ വിശ്വാസികളെ ഡച്ച് കൊളോണിയല്‍ ഭരണാധികാരികള്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന്‍ ഇവിടെയെത്തിയ വാസ് ബുദ്ധ രാജാവിന്റെ കീഴിലാണ് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചത്.

 

വാസിന്റെ പാത പിന്തുടര്‍ന്ന്‍ കൃസ്ത്യന്‍ വിശ്വാസികള്‍ ശ്രീലങ്കയില്‍ സമാധാനവും നീതിയും അനുരഞ്ജനവും സൃഷ്ടിക്കാന്‍ പരിശ്രമിക്കണമെന്ന് ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തില്‍ പോപ്പ് ആഹ്വാനം ചെയ്തു.    

 

1711-ല്‍ മരിക്കുന്നത് വരെ കാന്‍ഡിയില്‍ കഴിഞ്ഞ വാസ് അതിനകം 30,000 പേരെ മതം മാറ്റിയതായും പുരോഹിത ശൃംഖല സൃഷ്ടിച്ച് ശ്രീലങ്കയില്‍ കത്തോലിക്കാ സഭയെ പുനരുജ്ജീവിപ്പിച്ചതായും സഭ രേഖപ്പെടുത്തുന്നു.

Tags: