വധശിക്ഷ പരാജയം; വളര്‍ത്തുന്നത് പ്രതികാരത്തെയെന്ന് മാര്‍പാപ്പ

Sat, 21-03-2015 05:09:00 PM ;

pope francis

 

വധശിക്ഷയെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറ്റൊരു മനുഷ്യനെ കൊല്ലുന്നതിന് മാനുഷികമായ ഒരു രീതിയും ഇല്ലെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

 

വധശിക്ഷയ്ക്കെതിരായ അന്താരാഷ്ട്ര കമ്മീഷന്‍ എന്ന സംഘടനയ്ക്ക് എഴുതിയ കത്തിലാണ് മാര്‍പാപ്പ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. മുന്‍ ഭരണാധികാരികളും നിയമവിദഗ്ധരും അടങ്ങുന്ന ഈ സന്നദ്ധ സംഘം കഴിഞ്ഞ ദിവസം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

നിയമവിധേയ സ്വയം പ്രതിരോധം വധശിക്ഷയ്ക്ക് മതിയായ ന്യായീകരണമാകില്ലെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ അക്രമത്തിനല്ല, ഭൂതകാലത്തില്‍ ചെയ്ത അക്രമത്തിനാണ് വധശിക്ഷ നടപ്പിലാക്കുന്നതെന്ന് പാപ്പ വിശദീകരിച്ചു. ചെയ്ത കുറ്റം എത്ര ഗൗരവമേറിയതാണെങ്കിലും ആധുനിക ജയില്‍ സംവിധാനങ്ങളുള്ള ഇക്കാലത്ത് വധശിക്ഷ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും പാപ്പ പറഞ്ഞു.

 

വധശിക്ഷ ഇരകള്‍ക്ക് നീതി നല്‍കുകയല്ല, പ്രതികാരത്തെ വളര്‍ത്തുകയാണ് ചെയ്യുന്നതെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു. നീതിയുടെ പേരില്‍ ഭരണകൂടത്തെ കൊണ്ട് കൊലപാതകം ചെയ്യിക്കുന്ന വധശിക്ഷ നിയമവാഴ്ചയെ സംബന്ധിച്ചിടത്തോളം അതിന്റെ പരാജയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മാര്‍പാപ്പ വിശേഷിപ്പിച്ചു.

 

വധശിക്ഷ എങ്ങനെ ‘ശരിയായി’ നടപ്പാക്കണം എന്നത് സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ പരാമര്‍ശിച്ച മാര്‍പാപ്പ മറ്റൊരു മനുഷ്യനെ കൊല്ലുന്നതിന് മാനുഷികമായ ഒരു രീതിയും ഇല്ലെന്ന് വ്യക്തമാക്കി.  

 

നേരത്തെ, ജീവപര്യന്തം തടവുശിക്ഷയേയും ഫ്രാന്‍സിസ് പാപ്പ വിമര്‍ശിച്ചിരുന്നു. ജീവപര്യന്തം തടവ് ഒരു തരത്തില്‍ പരോക്ഷ വധശിക്ഷയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തടവുകാരുടെ സ്വാതന്ത്ര്യത്തിനൊപ്പം പ്രതീക്ഷയും അത് കവരുന്നു എന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

Tags: