സ്വദേശിവല്‍ക്കരണം: കുവൈത്തില്‍ അഞ്ഞൂറുപേര്‍ ജയിലില്‍

Sun, 26-05-2013 12:00:00 AM ;

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാരിന്റെ സ്വദേശിവത്ക്കരണശ്രമങ്ങളുടെ ഭാഗമായി വ്യാഴാഴ്ച പോലീസ് നടത്തിയ പരിശോധനയെത്തുടര്‍ന്ന് എഴുപത്തിയഞ്ച് സ്ത്രീകളുള്‍പ്പടെ അഞ്ഞൂറ് പേരെ ഡിപ്പോര്‍ട്ടേഷന്‍ ജയിലിലടച്ചു. ജയിലിലടയ്ക്കപ്പെട്ടവരില്‍ കൂടുതലും മലയാളികളാണ്. ഇവരുടെ മോചനത്തിനോ, മറ്റ് നിയമനടപടികള്‍ക്കോ ആയി ഇതുവരെ ഇന്ത്യന്‍ എംബസി കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല.

 

കഴിഞ്ഞ ആഴ്ചമുതലാണ് കുവൈത്ത് സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിട്ടുള്ളത്. ഇരുപത്, ഇരുപത്തിരണ്ട് എന്നീ നമ്പരുകളിലുള്ള വിസയില്‍ വന്ന് വിവിധ ജോലികളിലേര്‍പ്പെട്ടിരുന്നവരാണ് ജയിലിലടയ്ക്കപ്പെട്ടവര്‍. ഇരുപതാം നമ്പര്‍ വിസ ഡൊമസ്റ്റിക് വിസയാണ്. ഒരു കുവൈത്തിക്ക് ഒരു ഡ്രൈവറുള്‍പ്പടെ നാല് വീട്ടുജോലിക്കാര്‍ക്കായി നാല് ഡോമസ്റ്റിക് വിസകള്‍ നല്‍കാം. ജയിലിലടയ്ക്കപ്പെട്ട മലയാളികളില്‍ കൂടുതലും ഇത്തരത്തില്‍ കുവൈത്തിലെത്തിപ്പെട്ടവരാണ്. ഏജന്‍സികള്‍ കുവൈത്തികളെ സ്വാധീനിച്ചാണ് ഇത്തരം വിസകള്‍ സംഘടിപ്പിച്ച് വന്‍തുക വാങ്ങി നാട്ടിലുള്ളവര്‍ക്ക് നല്‍കുന്നത്. കുവൈത്തിലെത്തുമ്പോള്‍ ഇവര്‍ പലപ്പോഴും സ്വന്തം നിലയില്‍ തൊഴിലന്വേഷിച്ച് കണ്ടെത്തേണ്ട സ്ഥിതിയിലാകുന്നു.

 

ഇരുപത്തിരണ്ടാംനമ്പര്‍ വിസ ഫാമിലി വിസയാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെപ്പോലെ കുവൈറ്റിലും ഫാമിലി വിസയില്‍ എത്തിയ ധാരാളം പേര്‍ വിവിധ തൊഴിലുകളിലേര്‍പ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപികമാരാണ്. വ്യാഴാഴ്ച ഭാരതീയ വിദ്യാഭവന്റെയുള്‍പ്പടെയുള്ള സ്‌കൂളുകളില്‍ പരിശോധന നടക്കുകയുണ്ടായി. ചില സ്‌കൂളധികൃതര്‍ പോലീസുദ്യോഗസ്ഥര്‍ പരിശോധനയ്ക്കു വന്നപ്പോള്‍ സ്‌കൂളിലുണ്ടായിരുന്ന അധ്യാപികമാരെ വിളിച്ചിരുത്തി പി.ടി.എ മീറ്റിംഗ് നടത്തിയാണ് രക്ഷപ്പെടുത്തിയത്.

 

പരിശോധനയുടെ  ഫലമായി വന്‍ ട്രാഫിക്കുണ്ടായിരുന്ന നിരത്തുകളില്‍ ഇപ്പോള്‍ പരിമിതമായ വാഹനങ്ങളേ ഉള്ളു. ശരിയായ വിസയില്ലാത്തവര്‍ ഇപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. പരിശോധന അതിശക്തമാണ്. ഇതുവരെ ഇത്തരം കടുത്ത പരിശോധന നടന്നിട്ടുള്ളതായി തങ്ങള്‍ക്കറിയില്ലെന്ന് ഇരുപതു വര്‍ഷമായി കുവൈത്തില്‍ ജോലിനോക്കുന്ന ചിലര്‍ പറയുകയുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് അവര്‍ സീസൈഡില്‍ നടക്കാന്‍പോയപ്പോള്‍ കുതിരപ്പുറത്ത് പോലീസ് എന്നെഴുതി പരിശോധന നടത്തുന്ന പോലീസുകാരെ കാണുകയുണ്ടായി. അവരുടെ ആദ്യ അനുഭവമായിരുന്നു അത്. കാറ് കയറിച്ചെല്ലാന്‍ സാധ്യതയില്ലാത്തിയിടങ്ങളില്‍ കടന്നുചെന്ന് അന്വേഷണം നടത്താനാണ് കുതിരപ്പോലീസിനെ വിന്യസിച്ചിരിക്കുന്നത്.

 

നിരത്തില്‍ അനുഭവപ്പെട്ടിരിക്കുന്ന ട്രാഫിക്ക് തിരക്കിന്റെ അഭാവം സൂചിപ്പിക്കുന്നത് ഇരുപതും ഇരുപത്തിരണ്ടും നമ്പര്‍ വിസകളില്‍ കുവൈത്തിലെത്തിയിട്ടുള്ളവരുടെ എണ്ണം വളരെ വലുതാണെന്നുള്ളതാണ്. കുവൈത്ത് സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യമായ പരിശോധനയും ജയിലിലടയ്ക്കലും നടത്തുന്നതു തുടരുന്നതിനാല്‍ ആളുകള്‍ വീടിനു പുറത്തിറങ്ങാന്‍ സാധ്യത കുറവാണ്. അടിയന്തിരമായി ഇന്ത്യന്‍ എംബസി ഇടപെട്ട് എന്തെങ്കിലും ആശ്വാസ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജോലി നഷ്ടമാകുന്ന പ്രവാസികള്‍ വളരെ ദുരിതമനുഭവിക്കേണ്ടിവരും. വിശേഷിച്ചും ഇരുപത്തിരണ്ടാം നമ്പര്‍ വിസക്കാര്‍.   

Tags: