പാര്‍ട്ടി കോണ്ഗ്രസ്സ് ലക്ഷ്യം വിജയം കാണുമ്പോള്‍

Glint Staff
Wed, 15-04-2015 11:30:00 AM ;

EMS Naboothiripadകുപണിക്കന്‍:    ലാല്‍സലാം തിരുമേനി

ഇ.എം.എസ്സ്:    നമസ്‌കാരം പണിക്കാ എന്തുണ്ട് വിശേഷങ്ങള്‍

കു.പ:         ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുകയാണല്ലോ. എങ്ങിനെയാണ് അങ്ങ് പാര്‍ട്ടിയുടെ ഗതിയെ കാണുന്നത്

ഇ.എം:     ഗതിയില്‍ കേടു വന്നിട്ടില്ല. മാത്രമല്ല പാര്‍ട്ടികോണ്‍ഗ്രസ്സുകളുടെ ലക്ഷ്യം കൈവരിച്ചു പാര്‍ട്ടി മുന്നേറുന്നു. എന്താ പണിക്കന് എന്തോ                സംശയമുള്ളതുപോലെ തോന്നുന്നുവല്ലോ

കു.പ:    ഗതിയില്‍ കേടു വന്നിട്ടില്ലെങ്കിലും ഗതി സ്ഥിതമാകുമോ എന്നൊരു ശങ്ക

ഇ.എം:   താത്വിക പരമായ വിദ്യാഭ്യാസക്കുറവുകൊണ്ടങ്ങനെ തോന്നാം. അതില്‍ തെറ്റില്ല. തെറ്റ് പറയുക , ചെയ്യുക എന്ന അവകാശങ്ങളെ പാര്‍ട്ടി അനുവദിക്കുന്നുണ്ട്. അതുപോലും പാര്‍ട്ടിയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാരണം തെറ്റു തിരുത്തിക്കുക എന്നത് പാര്‍ട്ടിയുടെ മുഖ്യമായ സംഘടനാ പ്രവര്‍ത്തനങ്ങളിലൊന്നാണ്. തെറ്റുകള്‍ ഉണ്ടാകാതെ അത് തിരുത്താന്‍ സാധ്യമാവില്ലല്ലോ. വൈദ്യശാസ്ത്രം വികസിക്കണമെങ്കില്‍ രോഗങ്ങള്‍ ഉണ്ടാവണം. കഠിനമായ രോഗങ്ങള്‍ ഉണ്ടാകുന്നതനുസരിച്ച് അതി ശക്തമായ മരുന്നുകള്‍ കണ്ടുപിടിക്കപ്പെടുന്നു. ശക്തമായ മരുന്നുകളുടെയും കണ്ടുപിടുത്തങ്ങളുടേയും ബലമാണ് വൈദ്യശാസ്ത്ര രംഗത്തിന്റെ ശക്തിയും വികാസവും. അതാണ് വൈരുദ്ധ്യാത്മിക സിദ്ധാന്തത്തിലുള്ള താത്വികമായ വിദ്യാഭ്യാസം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആവശ്യമാണെന്ന് പറയുന്നത്. അതുകൊണ്ടാണ് ഗതി സ്ഥിതമായിപ്പോകുമോ എന്നുള്ള സംശയമനസ്സുകളുടെ എണ്ണം കൂടുന്നത്. അറുപതുകള്‍ വരെ ക്ഷയരോഗം വന്നാല്‍ ജീവിതം കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നോ. അത് വൈദ്യശാസ്ത്രത്തിന്റെ വികാസം കൊണ്ടാണ്. താമസിയാതെ ക്യാന്‍സറിനും പൂര്‍ണ്ണമായി പ്രതിവിധി വൈദ്യശാസ്ത്ര രംഗം കണ്ടെത്തും. അര്‍ബുദത്തെ തോല്‍പ്പിക്കാനുള്ള മരുന്നു കണ്ടെത്തുമ്പോള്‍ അത് വൈദ്യശാസ്ത്രരംഗത്തിന്റെ വിജയവും ശക്തിയുമല്ലേ പണിക്കാ സൂചിപ്പിക്കുന്നത്.

കു.പ:    അപ്പോള്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ അര്‍ബുദ ലക്ഷണങ്ങള്‍ ചിലത് കാണുന്നുവെന്നുള്ള പരാതി അതിന്റെ ചരിത്രപരമായ ദൗത്യമാണ് അല്ലേ. അല്ലാതെ പണ്ട് ബസു സഖാവ് പറഞ്ഞതുപോലെ ബ്ലണ്ടറല്ല അല്ലേ.

ഇ.എം:     അര്‍ബുദമെന്ന നിഗമനം ആര് നടത്തുന്നു. അതു നടത്തുന്ന ഭിഷഗ്വരന്മാരുടെ ശേഷിക്കുറവാണ്. പാര്‍ട്ടി വിജയത്തില്‍ നിന്ന് വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു എ്ന്താ സംശയമുണ്ടോ

കു.പ:    ഉവ്വെന്ന് പറയാനാണ് അടിയന് തോന്നുന്നത്

ഇ.എം:     കാരണം പറയൂ

കു.പ:    ഇന്നിപ്പോ വംഗനാട്ടില്‍ പാര്‍ട്ടി ഇല്ലാണ്ടായിരിക്കുന്നു. ആള്‍ക്കാരെല്ലാം കൊഴിഞ്ഞുപോകുന്നുവെന്ന് സംഘടനാ റിപ്പോര്‍ട്ട് പറയുന്നുപോലും .പുതിയ പിള്ളാരാരും തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിയുമുണ്ട്. സഖാക്കള്‍ക്ക് റിയല്‍ എസ്റ്റേറ്റിലാണ് കൂടുതല്‍ താല്‍പ്പര്യമെന്നും ആക്ഷേപമുണ്ട്.

ഇ.എം:     അതിനാണ് പറഞ്ഞത് കാര്യങ്ങള്‍ യഥാര്‍ഥമായ രീതിയില്‍ മനസ്സിലാക്കണമെങ്കില്‍ സൈദ്ധാന്തികമായ വിദ്യാഭ്യാസം അനിവാര്യമാണെന്ന് പറഞ്ഞത്.1980കളുടെ രണ്ടാം പകുതിമുതലുള്ള പാര്‍ട്ടികോണ്‍ഗ്രസ്സുകളെ പഠനവിധേയമാക്കൂ.അതു പഠിച്ചിട്ടുണ്ടോ പണിക്കന്‍

കു.പ:    ചെറുതായി

ഇ.എം:     എന്താ അതിന്റെയൊക്കെ പ്രത്യേകത

കു.പ:    കോണ്‍ഗ്രസ്സ് മുഖ്യശത്രുവാണെന്ന അസന്നിഗ്ധ പ്രഖ്യാപനം.

ഇ.എം: അപ്പോള്‍ മുഖ്യശത്രുവിനെ എന്താണ് ചെയ്യുക.

കു.പ:    നമ്മുടെ നിയമമനുസരിച്ച് ഇല്ലാതാക്കുക

ഇ.എം:     ഇപ്പോ കോണ്‍ഗ്രസ്സ് ഉണ്ടോ ഇല്ലയോ

കു.പ:    ഇല്ലെന്ന് തന്നെ പറയേണ്ടിവരും

ഇ.എം:     അപ്പോ പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ ലക്ഷ്യം വിജയിച്ചോ ഇല്ലയോ

കു.പ:    വിജയിച്ചു എ്ന്നു മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ഇരുപത്തിയൊന്നാം പാര്‍ട്ടികൊണ്‍ഗ്രസ്സിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ സെക്രട്ടറി കോണ്‍ഗ്രസ്സിന്റെ പേര് പോലും പറയാതിരുന്നത് അല്ലേ.

ഇ.എം:     പുതിയ ശത്രുവിനെതിരെയുള്ള പ്രഖ്യാപനമുണ്ടായില്ലേ

കു.പ:    പുതിയ ശത്രു ഇല്ലാതാകുമ്പോള്‍ ആനുപാതികമായി പാര്‍്ട്ടിയുടെ അവസ്ഥ തുടര്‍ന്നാല്‍ ബംഗാളിലെ അവസ്ഥ കേരളത്തിലും ത്രിപുരയിലും ആവര്‍ത്തിക്കാനിടയുണ്ടോ

ഇ.എം:     ചോദ്യം അപ്രസ്‌ക്തം

 

Tags: