സ്ത്രീത്വത്തെ അവഹേളിച്ചു കൊണ്ട് ഫോര്‍ഡിന്റെ പരസ്യം

Wed, 27-03-2013 04:45:00 PM ;

ford ad

കൊച്ചി: സ്ത്രീത്വത്തെ അവഹേളിക്കുന്ന രീതിയില്‍ ഫോര്‍ഡ് കമ്പനിക്കു വേണ്ടി തയ്യാറാക്കിയ പരസ്യം ചര്‍ച്ചയാകുന്നു. ‘ഫിഗോ’ കാറിനു വേണ്ടി പരസ്യ ഏജന്‍സിയായ ജെ.ഡബ്ലിയു.ടി. ഇന്ത്യ തയാറാക്കിയ മൂന്നു പരസ്യങ്ങളാണ് വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. അല്‍പവസ്ത്രധാരികളായ മൂന്നു സ്ത്രീകളെ കാറിന്റെ ഡിക്കിയില്‍ കെട്ടിയിട്ട നിലയില്‍ ചിത്രീകരിച്ചതാണ് പരസ്യം.

 

പരസ്യ രംഗത്തെ ഒരു വെബ്‌സൈറ്റിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ആഗോള മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് ഫോര്‍ഡ് ഇന്ത്യയും പരസ്യ ഏജന്‍സിയും ക്ഷമാപണവുമായി രംഗത്തു വന്നിട്ടുണ്ട്. പരസ്യം പ്രസിദ്ധീകരണത്തിനായി തയാറാക്കിയതല്ലെന്നാണ് വിശദീകരണം.

 

ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി, ഫോര്‍മുല വണ് ഡ്രൈവര്‍ മൈക്കല്‍ ഷുമാക്കര്‍, സോഷ്യലൈറ്റുകളായ പാരിസ് ഹില്‍ട്ടന്‍,  കദാര്‍ശിയന്‍ സഹോദരിമാര്‍ എന്നിവരുടെ കാരിക്കേച്ചറുകളാണ് പരസ്യത്തിലുള്ളത്. സംഭവത്തില്‍ നിയമ നടപടികള്‍ ആലോചിക്കുന്നതായി കദാര്‍ശിയന്‍ സഹോദരിമാര്‍ അറിയിച്ചിട്ടുണ്ട്.

 

സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റങ്ങള്‍ക്ക് കര്‍ശന ശിക്ഷ നല്‍കുന്ന വിധത്തില്‍ പാര്‍ലിമെന്റ് നിയമഭേദഗതി കൊണ്ട് വരുന്ന അവസരത്തിലാണ് പരസ്യം.

Tags: