കള്ളപ്പണം: ബാങ്കുകള്‍ക്കെതിരെ നടപടി

Thu, 11-04-2013 05:00:00 PM ;

ന്യൂഡല്‍ഹി: പണം വെളുപ്പിക്കാന്‍ സഹായിച്ചു എന്ന ആരോപണത്തില്‍ ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവക്കെതിരെ റിസര്‍വ് ബാങ്ക് നടപടി എടുക്കുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കോബ്രപോസ്റ്റ് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്‌ നടപടി.

 

ഇത് സംബന്ധിച്ച പരിശോധന പൂര്‍ത്തിയായതായും ബാങ്കുകള്‍ക്കെതിരെ നടപടി ആരംഭിച്ചതായും റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ എച്ച്.ആര്‍. ഖാന്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു. വ്യവസ്ഥാപിത തലത്തിലും നടപടി ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. എങ്കിലും അന്വേഷണ റിപ്പോര്‍ട്ട് ബാങ്ക് ഉടന്‍ പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു.

 

രാജ്യത്തെ സ്വകാര്യ ബാങ്കുകളില്‍ പ്രമുഖരായ ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയിലെ ഉദ്യോഗസ്ഥര്‍  കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതായി കഴിഞ്ഞമാസം കോബ്രപോസ്റ്റ്‌ പോര്‍ട്ടല്‍ സ്റ്റിംഗ് ഓപ്പറേഷനിലൂടെ വെളിപ്പെടുത്തിയിരുന്നു.

Tags: