‘ആരോഗ്യസേവനം: കുതിച്ചുചാട്ടത്തിന് സമയമായി’

Tue, 16-04-2013 02:45:00 PM ;

ആരോഗ്യ സേവന മേഖലയില്‍ ഇന്ത്യ ഒരു കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കേണ്ട സമയമായിരിക്കുന്നു എന്ന് ഡോ.വൈ.കെ. ഗുപ്ത. മെട്രോ നഗരങ്ങളില്‍ മാത്രമല്ല വിദൂര ഗ്രാമങ്ങളില്‍ പോലും ആരോഗ്യ സേവനം ഉന്നത സാങ്കേതിക വിദ്യ സാധ്യമാക്കുമെന്നും ന്യൂഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫാര്‍മക്കോളജി വിഭാഗം മേധാവി ആയ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഹെല്‍ത്ത് പ്രോഗ്രസ്സിന്റെ മൂന്നാമത് ‘ഹെല്‍ത്ത്കെയര്‍ അക്സസ് വീക്ക്‌’ പരിപാടിയുടെ ഭാഗമായി എഴുതിയ രേഖയിലാണ് ആരോഗ്യ സേവനം എല്ലാ ഇന്ത്യാക്കാര്‍ക്കും പ്രാപ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അദ്ദേഹം വിവരിച്ചത്.

 

ചികിത്സ പോലെ തന്നെ പ്രധാനമായ രോഗപ്രതിരോധ മേഖലയില്‍ ഇന്ത്യ കൂടുതല്‍ പണം ചിലവഴിക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു. വ്യക്തിശുചിത്വത്തില്‍ രാജ്യമാകെയുള്ള നിലവാരവും ഉയരേണ്ടതുണ്ട്. ആരോഗ്യകരമായ ജീവിതശൈലി ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്നതിനാല്‍ ഇതും ആരോഗ്യ സേവനത്തിന്റെ പരിധിയില്‍ വരണം. ആയുര്‍വ്വേദം, യോഗ, ധ്യാനം തുടങ്ങിയവയുടെ പ്രസക്തി ഇവിടെയാണ്‌. താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ രോഗനിര്‍ണ്ണയ സംവിധാനങ്ങളും ഉറപ്പുവരുത്തണം. മെച്ചപ്പെട്ട വാക്സിനുകള്‍ വികസിപ്പിക്കുന്നതിനോടൊപ്പം ഇന്ന് ലോകത്തെ തന്നെ പ്രമുഖ മരുന്ന് കയറ്റുമതി രാജ്യമായ ഇന്ത്യ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ കര്‍ശനമാക്കണം. ഇതോടൊപ്പം വില കുറഞ്ഞ ജെനറിക് മരുന്നുകളോടുള്ള രോഗികളുടേയും ഡോക്ടര്‍മാരുടേയും പൊതുജനങ്ങളുടേയും മാധ്യമങ്ങളുടെയുമെല്ലാം മനോഭാവത്തില്‍ മാറ്റം വരണം- ലേഖനത്തില്‍ പറയുന്നു.

 

2011 ല്‍ ആരംഭിച്ച ‘ഹെല്‍ത്ത്കെയര്‍ അക്സസ് വീക്ക്‌’ പരിപാടി ആരോഗ്യ സേവനങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് പരിഹാര നടപടികള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നത്. സര്‍ക്കാറിനോടൊപ്പം ആശുപത്രികള്‍, ഡോക്ടര്‍മാര്‍, വിദ്യാഭ്യാസ- ഗവേഷണ സ്ഥാപനങ്ങള്‍, ആരോഗ്യ സേവന വ്യവസായങ്ങള്‍, സര്‍ക്കാറേതര സംഘടനകള്‍ എന്നിവയും പങ്കെടുക്കുന്ന വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ആരോഗ്യ സേവനത്തില്‍ ഇന്നോവേഷന്റെ പങ്ക് എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു ഏപ്രില്‍ 10ന് ആരംഭിച്ച ഈ വര്‍ഷത്തെ വാരാചരണം.