ജര്‍മന്‍ ബേക്കറി സ്ഫോടനം: ബെയ്ഗിനു വധശിക്ഷ

Thu, 18-04-2013 06:45:00 PM ;

പൂന: ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഏകപ്രതി മിര്‍സ ഹിമായത് ബെയ്ഗിനെ വിചാരണക്കോടതി വ്യാഴാഴ്ച വധശിക്ഷക്ക് വിധിച്ചു. കേസില്‍ ബെയ്ഗ് കുറ്റക്കാരനെന്ന് തിങ്കളാഴ്ച പ്രത്യേക കോടതി ജഡ്ജി എന്‍.പി. ധോത്തെ കണ്ടെത്തിയിരുന്നു. 2010 ഫെബ്രുവരി 13ന് പുണെയിലെ ജര്‍മ്മന്‍ ബേക്കറിയില്‍ നടന്ന സ്ഫോടനത്തില്‍ അഞ്ച് വിദേശികളടക്കം 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയായ ബെയ്ഗടക്കം ഏഴു പേരായിരുന്നു കേസിലെ പ്രതികള്‍ . 2008 നവംബറില്‍ മുംബൈ ആക്രമണ കേസില്‍ പിടിയിലായ അബു ജൂണ്ടാല്‍ ഈ കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടന ലഷ്കര്‍ ഇ തയ്ബയിലെ അംഗങ്ങളെന്ന് കരുതപ്പെടുന്ന പ്രതികളില്‍ മറ്റുള്ളവരെല്ലാം ഒളിവിലാണ്.

 

ഭീകരവാദ കേസുകളില്‍ യു.എസ്സില്‍ അറസ്റ്റിലായ ലഷ്കര്‍ ഇ തയ്ബ പ്രവര്‍ത്തകന്‍ ഡേവിഡ് ഹെഡ്ലി ബേക്കറിയുടെ ചിത്രങ്ങള്‍ എടുത്തതായി വെളിപ്പെടുത്തിയിരുന്നു.

Tags: