സരബ് ജിത് സിങ്ങിന് മര്‍ദ്ദനം; നില ഗുരുതരം

Sat, 27-04-2013 01:45:00 PM ;

ലാഹോര്‍: പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൌരന്‍ സരബ് ജിത് സിങ്ങിനെ സഹതടവുകാര്‍ മര്‍ദ്ദിച്ചു. സിങ്ങ് കോമ അവസ്ഥയിലാണെന്നും ജീവന്‍ രക്ഷാ സംവിധാനത്തില്‍ കിടത്തിയിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സരബ് ജിത് സിങ്ങിനെ ചികിത്സിക്കുന്ന ജിന്നാ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

 

സംഭവത്തില്‍ രണ്ട് തടവുകാര്‍ക്കെതിരെ ശനിയാഴ്ച പോലീസ് കേസെടുത്തിട്ടുണ്ട്. സിങ്ങ് തടവില്‍ കിടന്നിരുന്ന കോട് ലാഖ്പത് ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് അമര്‍ അഫ്താബ്, മുദാസര്‍ എന്നീ തടവുകാര്‍ക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ക്ക് കേസെടുത്തിരിക്കുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്നവരാണ് ഇരുവരും. ജയില്‍ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

പഞ്ചാബില്‍ 1990ല്‍ 14 പേര്‍ കൊല്ലപ്പെട്ട ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ് സരബ് ജിത് സിങ്ങ് തടവില്‍ ആകുന്നത്. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന സിങ്ങിനെ ആളുമാറിയാണ്‌ അറസ്റ്റ് ചെയ്തതെന്നാണ് കുടുംബത്തിന്റെ വാദം. ഇദ്ദേഹത്തിന്റെ ദയാഹര്‍ജികളെല്ലാം തള്ളിയിരുന്നെങ്കിലും കഴിഞ്ഞ പി.പി.പി. സര്‍ക്കാര്‍ 2008ല്‍ വധശിക്ഷ നടപ്പാക്കുന്നത് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.  

Tags: