ജെ.പി.സി: ചാക്കോയെ നീക്കില്ലെന്ന് സ്പീക്കര്‍

Thu, 02-05-2013 04:30:00 PM ;

ന്യൂഡല്‍ഹി: ടു ജി ഇടപാടിലെ ക്രമക്കേട് അന്വേഷിക്കുന്ന സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി. ചാക്കോയെ നീക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ മീര കുമാര്‍ നിരസിച്ചു. സമിതി അംഗങ്ങള്‍ക്കയച്ച കത്തില്‍ പാര്‍ലിമെന്ററി സമിതിയുടെ അധ്യക്ഷസ്ഥാനത്തുള്ള വ്യക്തിയെ നീക്കം ചെയ്യാന് വകുപ്പില്ലെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. അധ്യക്ഷന്‍ സ്വയം രാജിവെക്കുക എന്ന മാര്‍ഗ്ഗമേ സാധ്യമാകൂ എന്ന് കത്തില്‍ സൂചിപ്പിക്കുന്നു.

 

ബി.ജെ.പി. പ്രതിനിധികളായ യശ്വന്ത് സിന്‍ഹയേയും രവിശങ്കര്‍ പ്രസാദിനെയും സമിതിയില്‍ നിന്ന് നീക്കണമെന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യവും സ്പീക്കര്‍ തള്ളി. നിലവിലെ പ്രതിസന്ധിക്ക് അധ്യക്ഷനും അംഗങ്ങളും പരസ്പര സമ്മതമായ ഒത്തുതീര്‍പ്പ് കണ്ടെത്തി റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ സമര്‍പ്പിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.

 

യു.പി.എയുടെ ഘടക കക്ഷികള്‍ ആയിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഡി.എം.കെയുടേയും പ്രതിനിധികള്‍ അടക്കം 15 അംഗങ്ങള്‍ ചാക്കൊയില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന കത്ത് സ്പീക്കര്‍ക്ക് കൈമാറിയിരുന്നു. ചാക്കോയെ മാറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.    

Tags: