കര്‍ണാടക: പ്രചാരണച്ചൂടിന് ശമനം

Sat, 04-05-2013 11:45:00 AM ;

ബെംഗലൂരു: കര്‍ണ്ണാടക നിയമസഭയിലേക്ക് ഞായറാഴ്ച നടക്കുന്ന തെരഞ്ഞടുപ്പിന്റെ പ്രചരണം വെള്ളിയാഴ്ച വൈകുന്നേരം അവസാനിച്ചു. പരമാവധി സമ്മതിദായകരെ നേരില്‍ കണ്ട് വോട്ട് ചോദിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍.

 

തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എ.കെ ഝാ അറിയിച്ചു. 223 നിയോജകമണ്ഡലങ്ങളിലായി 6,200 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു ലക്ഷം ഉദ്യോഗസ്ഥരേയും 1.35 ലക്ഷം സുരക്ഷാ സൈനികരേയും തെരഞ്ഞെടുപ്പ് ജോലിക്കായി വിന്യസിച്ചിട്ടുണ്ട്.

 

നിയമസഭയില്‍ 224 സീറ്റുകള്‍ ആണ് ഉള്ളതെങ്കിലും ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ മരണം കാരണം ഒരു സീറ്റിലെ തെരഞ്ഞെടുപ്പ്‌ മെയ്‌ 28 ലേക്ക് മാറ്റി. മേയ് എട്ടിനാണ് വോട്ടെണ്ണല്‍.

 

കണക്കില്‍ പെടാത്ത 15 കോടി രൂപയും 4.97 കോടി വിലമതിക്കുന്ന 67,000 ലിറ്റര്‍ അനധികൃത മദ്യവും രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തതായി ഝാ അറിയിച്ചു. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിന് 2,203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: