കൂടങ്കുളം നിലയത്തിന് സുപ്രീം കോടതി അനുമതി

Mon, 06-05-2013 12:30:00 PM ;

ന്യൂഡല്‍ഹി: കൂടങ്കുളം ആണവനിലയത്തിന് സുപ്രീം കോടതിയുടെ പ്രവര്‍ത്തനാനുമതി. നിലയം സുരക്ഷിതമാണെന്നും വിശാലമായ പൊതു താല്‍പ്പര്യത്തിനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

 

രാജ്യത്തെ വര്‍ത്തമാന-ഭാവി തലമുറകള്‍ക്ക് ആണവനിലയം ആവശ്യമാണെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായാണ് സര്‍ക്കാര്‍ നിലയം സ്ഥാപിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് പറഞ്ഞ കോടതി സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കേസില്‍ എതിര്‍കക്ഷികള്‍ ആയിരുന്ന കേന്ദ്ര സര്‍ക്കാര്‍, തമിഴ്‌നാട്‌ സര്‍ക്കാര്‍, ആണവോര്‍ജ കോര്‍പ്പറേഷന്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

നിലയത്തിന്റെ സുരക്ഷ സംബന്ധിച്ച് വിദഗ്ദ്ധ സമിതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടില്ല എന്നാരോപിച്ച് ആണവ നിലയ വിരുദ്ധ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ കെ.എസ് രാധാകൃഷ്ണന്‍ ദീപക് മിശ്ര എന്നിവരുടെ ഉത്തരവ്. മൂന്നുമാസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് വിധി.

Tags: