കര്‍ണ്ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അധികാരമേറ്റു

Mon, 13-05-2013 03:00:00 PM ;

ബെംഗലൂരു: കര്‍ണ്ണാടകത്തിലെ 22-മത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്കളാഴ്ച ശ്രീ ഖണ്ടീരവ സ്റ്റേഡിയത്തില്‍ നടന്ന അഞ്ചു മിനിറ്റ് മാത്രം നീണ്ടുനിന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ എച്ച്.ആര്‍ ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു.

 

സത്യനാമത്തില്‍ ആണ് സിദ്ധരാമയ്യ അധികാരമേറ്റത്. കന്നഡ ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ 50,000-ത്തോളം പ്രവര്‍ത്തകരാണ് സ്റ്റേഡിയത്തില്‍ നിറഞ്ഞത്.

 

കേന്ദ്രമന്ത്രിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്ലി, റഹ്മാന്‍ ഖാന്‍, കെ.എച്ച് മുനിയപ്പ, കോണ്‍ഗ്രസ് നേതാക്കളായ എസ്.എം കൃഷ്ണ, മധുസൂദന്‍ മിസ്ത്രി, ഓസ്കാര്‍ ഫെര്‍ണ്ണാണ്ടസ്, ജ്ഞാനപീഠ ജേതാക്കളായ ചന്ദ്രശേഖര കമ്പാര്‍ ഗിരീഷ്‌ കര്‍ണാട് തുടങ്ങിയ സാംസ്കാരിക നായകര്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായി.

Tags: