ഡീസല്‍ വില: ഹര്‍ജികള്‍ക്ക് സുപ്രീം കോടതി സ്റ്റേ

Tue, 14-05-2013 12:30:00 PM ;

ന്യൂഡല്‍ഹി: ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളിന്മേല്‍ വിവിധ ഹൈക്കോടതികളിലെ നടപടികള്‍ സുപ്രീം കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസുമാരായ ബി.എസ് ചൗഹാന്‍, ദീപക് മിശ്ര എന്നിവരടങ്ങിയ അവധിക്കാല ബഞ്ചിന്റെ ഉത്തരവ്. ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും നോട്ടീസയക്കാനും ഉത്തരവുണ്ട്.

 

ഡീസല്‍ വിലനിയന്ത്രണം സര്‍ക്കാര്‍ അവസാനിപ്പിക്കുകയും വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കുകയും ചെയ്തതോടെ റെയില്‍വേ, പ്രതിരോധ സ്ഥാപനങ്ങള്‍, സംസ്ഥാന ഗതാഗത കോര്‍പ്പറേഷനുകള്‍ തുടങ്ങിയ വന്‍കിട ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന സബ്സിഡി കമ്പനികള്‍ നിര്‍ത്തിയിരുന്നു. ഇതിനെതിരെ കോര്‍പ്പറേഷനുകള്‍ വിവിധ ഹൈക്കോടതികളില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

 

കേരള, മദ്രാസ് ഹൈക്കോടതികള്‍ എണ്ണമ്പനികളുടെ നടപടി സ്റ്റേ ചെയ്തു. തുടര്‍ന്ന് കേന്ദ്രം നല്‍കിയ അപ്പീലില്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ നീക്കി. ഗുജറാത്ത്, ആന്ധ്ര, കര്‍ണ്ണാടക ഹൈക്കോടതികളുടെ മുന്നിലും സമാന പരാതികള്‍ നിലവിലുണ്ട്.

 

ഇതോടെ വിവിധ കോടതികള്‍ വിഷയത്തില്‍ വ്യത്യസ്ത വിധികള്‍ പുറപ്പെടുവിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് അമിത് കുമാര്‍ മെഹാരിയ എന്നയാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ കേസില്‍ കേന്ദ്രത്തിനു വേണ്ടി ഹാജരായി.

Tags: