ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നങ്ങളില്‍ പ്രത്യേക ചര്‍ച്ച

Mon, 20-05-2013 03:30:00 PM ;

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് പരസ്പര വിശ്വാസം അനിവാര്യമാണെന്ന് മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ് പ്രധാനമന്ത്രി ലി ഖെ ചിയാങ് വ്യക്തമാക്കി. പരസ്പര സഹകരണവും ബന്ധവും ശക്തമാക്കുക എന്നതാണ് തന്‍റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നു ചൈനീസ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങളില്‍ പ്രത്യേക ചര്‍ച്ച നടത്തണമെന്നും  ഇത് എത്രയും വേഗം പരിഹരിക്കേണ്ട ഒന്നാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അഭിപ്രായപെട്ടു. അതിനായി പ്രത്യേക പ്രതിനിധികള്‍ ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്നും  പ്രധാനമന്ത്രി ഉറപ്പുനല്‍കി.

പരസ്പര ബന്ധം മെച്ചപ്പെടുത്തുന്ന ഏട്ടു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വച്ചു. കൃഷി, വ്യാപാരം, വാണിജ്യം തുടങ്ങി രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചക്കും പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനും ഇറക്കുമതി കയറ്റുമതി വികസനത്തിനു വേണ്ടിയും പ്രത്യേക ചര്‍ച്ചകള്‍ നടത്തി.

ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രധിനിധികള്‍ ഞായറാഴ്ച ചര്‍ച്ച നടത്തിയിരുന്നു. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചൈന സന്നദ്ധമാണെന്നും ലീ കൂട്ടിച്ചേര്‍ത്തു.

Tags: