ഐ.പി.എല്‍ തുടരാം; അന്വേഷണത്തിന് 15 ദിവസമെന്ന് കോടതി

Tue, 21-05-2013 03:15:00 PM ;

ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശേഷിക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എന്നാല്‍, സംഭവത്തില്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

 

ജസ്റ്റിസുമാരായ ബി.എസ് ചൗഹാന്‍, ദീപക് മിശ്ര എന്നിവരുടേതാണ് ഉത്തരവ്. ലക്നൌ സ്വദേശിയായ സുദര്‍ശ് അവസ്തി സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കുകയായിരുന്നു കോടതി. ഐ.പി.എല്ലിലെ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹി പോലീസ് പുറത്തുകൊണ്ടുവന്ന ഒത്തുകളിക്കേസില്‍ ഇതുവരെ മലയാളി താരം ശ്രീശാന്തടക്കം 11 പേര്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവം സ്വന്തം നിലയില്‍ അന്വേഷിക്കാന്‍ ഞായറാഴ്ച ചേര്‍ന്ന ബി.സി.സി.ഐ പ്രവര്‍ത്തക യോഗം തീരുമാനമെടുത്തിരുന്നു. ബോര്‍ഡിന്റെ അഴിമതി വിരുദ്ധ സെല്‍ മേധാവി രവി സവാനിക്കാണ് അന്വേഷണ ചുമതല.

Tags: