യു.പി.എക്കെതിരെ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി

Wed, 22-05-2013 03:15:00 PM ;

ന്യൂഡല്‍ഹി: ഭരണസഖ്യമായ യു.പി.എ പ്രധാനമന്ത്രി സ്ഥാനത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിയതായി ബി.ജെ.പി. രാജ്യത്തിന് നേതൃത്വം നല്‍കുന്നതില്‍ സഖ്യം പരാജയപ്പെട്ടതായും പാര്‍ട്ടി കുറ്റപ്പെടുത്തി. യു.പി.എ സര്‍ക്കാറിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രധാന പ്രതിപക്ഷ കക്ഷിയുടെ ആക്രമണം.

 

അതിനിടെ, സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും ചേര്‍ന്ന് ബുധനാഴ്ച പുറത്തിറക്കുന്നുണ്ട്.

 

പാര്‍ലിമെന്റിലെ ഇരുസഭകളിലേയും പ്രതിപക്ഷ നേതാക്കളായ സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്ലിയുമാണ്‌ രണ്ടാം യു.പി.എ സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തില്‍ ശക്തമായ വിമര്‍ശനം അഴിച്ചുവിട്ടത്. മുന്‍പൊരു സര്‍ക്കാറിന്റെ കാലത്തും കാണാത്ത തരത്തിലുള്ള അഴിമതികളാണ് ഈ സര്‍ക്കാറിന്റെ കാലത്ത് നടന്നതെന്ന് സുഷമ സ്വരാജ് പറഞ്ഞു.

 

മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയാണെങ്കിലും രാജ്യത്തിന്റെയോ സ്വന്തം പാര്‍ട്ടിയുടെയോ നേതാവല്ലെന്ന് സുഷമ പറഞ്ഞു. സിങ്ങിനൊപ്പം മന്ത്രിസഭയില്‍ ഇരിക്കുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ക്കായി സോണിയ ഗാന്ധിയെ ആണ് നോക്കുന്നത്. നേതൃത്വത്തിലെ ഈ പിളര്‍പ്പാണ് യു.പി.എയുടെ ഏറ്റവും വലിയ പരാജയമെന്നും സുഷമ വിലയിരുത്തി.  

Tags: