ബലാത്സംഗ വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു: കോടതി

Mon, 27-05-2013 11:00:00 AM ;

ന്യൂഡല്‍ഹി: പ്രതികാരം ചെയ്യുന്നതിന് വേണ്ടിയും പുരുഷ സുഹൃത്തുക്കളെ അപമാനിക്കുന്നതിനു വേണ്ടിയും പണം തട്ടിയെടുക്കാനും സ്ത്രീകള്‍ ബലാത്സംഗ വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന് ഡല്‍ഹി ഹൈക്കോടതി. നിര്‍ബന്ധിത വിവാഹത്തിലേക്ക് പുരുഷനെ നയിക്കാനുള്ള മാര്‍ഗമായാണ് പല സ്ത്രീകളും ബലാത്സംഗ നിയമം കാണുന്നതെന്നും കോടതി കുറ്റപ്പെടുത്തി. 

 

പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധത്തെ ദേഷ്യവും മന:പ്രയാസവും വരുമ്പോള്‍ ബലാത്സംഗമായി ചിത്രീകരിച്ച് പുരുഷനെ തേജോവധം ചെയ്യുന്നതിന് വേണ്ടി കേസ് കൊടുക്കാന്‍ പല സ്ത്രീകളും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ബലാത്സംഗ കേസുകള്‍ സത്യമാണോ എന്ന് കോടതി പരിശോധിക്കണം. ബലാത്സംഗ കേസില്‍ പ്രതിയുടെ ജാമ്യപേക്ഷയില്‍ നടപടി എടുക്കുമ്പോള്‍ ആണ് ജസ്റ്റിസ്‌ കൈലാസ് ഗംഭീര്‍ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

 

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിന് സമ്മതിച്ചവര്‍ ബന്ധം തകരുന്നതോടെ കോടതിയെ സമീപിക്കുന്നത് തികച്ചും അപഹാസ്യമായ നടപടിയാണെന്ന് കോടതി വ്യക്തമാക്കി. ഒരാഴ്ചക്കിടയില്‍ മൂന്നാം തവണയാണ് കോടതി ഇത്തരമൊരു പരാമര്‍ശം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.

Tags: