ഋതുപര്‍ണഘോഷ് അന്തരിച്ചു

Thu, 30-05-2013 01:10:00 PM ;

 

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ ഋതുപര്‍ണ ഘോഷ് (50) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന്‍ ചികിത്സയില്‍ ആയിരുന്നെങ്കിലും അടുത്ത കാലം വരെ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ഋതുപര്‍ണ.

 

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അദ്ധേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. മികച്ച ചിത്രത്തിനുള്ള 12 ദേശീയ പുരസ്കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. പരസ്യമേഖലയിലൂടെ സിനിമയിലെത്തിയ അദ്ദേഹം 1994-ല്‍ ഹിരേര്‍ ആംഗ്തി എന്ന സിനിമയിലൂടെ സംവിധാന രംഗത്ത് ചുവടുറപ്പിച്ചു. അസുഖ്, ചൊഖേര്‍ ബാലി, നൗകദുബി തുടങ്ങി 19 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2012ല്‍ പുറത്തിറങ്ങിയ ചിത്രാംഗദയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

 

ലിംഗമാറ്റവുമായി ബന്ധപ്പെട്ട് സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംവിധാനത്തോടൊപ്പം തന്നെ അഭിനയ രംഗത്തും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ജസ്റ്റ് അനദര്‍ ലവ് സ്‌റ്റോറി, മെമ്മറീസ് ഇന്‍ മാര്‍ച്ച്, ചിത്രാംഗദ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. പുതിയ ചിത്രമായ സത്യാന്വേഷിയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം

Tags: