സാമ്പത്തിക വളര്‍ച്ച ദശാബ്ദത്തിലെ താഴ്ന്ന നിലയില്‍

Fri, 31-05-2013 03:44:00 PM ;

economic growth rate at record lowന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ചു ശതമാനം. കഴിഞ്ഞ പത്തു വര്‍ഷക്കാലയളവിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇത്. ഇക്കാലയളവിലെ ശരാശരി വളര്‍ച്ചാ നിരക്ക് എട്ടു ശതമാനമാണ്.

 

വെള്ളിയാഴ്ച ധനവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2013 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാനിരക്ക് അഞ്ചുശതമാനം മാത്രമാണ്. ജനുവരി-മാര്‍ച്ച് അവസാന പാദത്തില്‍ ഇത് 4.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 5.1 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.  

 

വരും മാസങ്ങളില്‍ വളര്‍ച്ചാ നിരക്ക് വര്‍ധിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പ്രതീക്ഷ പ്രകടിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

 

അതേസമയം, ധനക്കമ്മി 4.89 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് 5.2 ശതമാനമായിരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.

Tags: