ബോളിവുഡ് നായിക ജിയാഖാന്‍ ആത്മഹത്യ ചെയ്തു

Tue, 04-06-2013 11:02:00 AM ;

 

മുംബൈ: ബോളിവുഡ് നടി ജിയാഖാനെ (25) മുംബൈയിലെ വീട്ടില്‍ തിങ്കളാഴ്ച്ച രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാരെയും ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്‍പ്പടെയുള്ളവരെയും പോലീസ് ചോദ്യം ചെയ്തു. ജിയയെ അവസാനമായി കാണാന്‍വന്നവരെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. സംഭവം നടക്കുമ്പോള്‍ ജിയ ഒറ്റക്കായിരുന്നു വീട്ടിലുണ്ടായിരുന്നത്.

 

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ റാം ഗോപാല്‍ വര്‍മയുടെ വിവാദ ചിത്രമായ ‘നിശബ്ദ്’ലൂടെയായിരുന്നു ജിയാഖാന്‍റെ അരങ്ങേറ്റം. അമിതാഭ് ബച്ചനൊപ്പം പ്രധാന വേഷത്തിലെത്തിയ ജിയഖാന്‍ ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപെടുകയും ചെയ്തു. 2007ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ മികച്ച നവാഗത താരത്തിനുള്ള ഫിലിം ഫെയര്‍ നോമിനേഷൻ ജിയയ്ക്ക് ലഭിച്ചിരുന്നു.

 

പിന്നീട് ആമിര്‍ ഖാനൊപ്പം ഗജനിയുടെ ഹിന്ദി പതിപ്പിലും അഭിനയിച്ചു. സാജിദ് ഖാൻ സംവിധാനം ചെയ്ത് 2010ൽ‍ ഇറങ്ങിയ ഹൗസ്‌ഫുള്‍ ആണ്‌ ജിയയുടെ അവസാന ചിത്രം. ലണ്ടനില്‍ ജനിച്ചു വളര്‍ന്ന ജിയാ ഖാന്‍ ബോളിവുഡിന്‍റെ ഭാഗമായതോടെ മുംബൈയില്‍ സ്ഥിര താമസമാക്കുകയായിരുന്നു.

Tags: