വൊഡാഫോണ്‍ നികുതിതര്‍ക്കം:സര്‍ക്കാര്‍ അനുരഞ്ജനത്തിന്

Wed, 05-06-2013 12:07:00 PM ;

ന്യൂഡല്‍ഹി: വന്‍തുക വരുന്ന നികുതി കുറച്ച് കാട്ടിയ ടെലികോം കമ്പനി വൊഡാഫോണുമായി ഉപാധികളില്ലാത്ത ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം. ചൊവാഴ്ച കൂടിയ കാബിനറ്റ്‌ യോഗത്തിലാണ് തീരുമാനം. 20,000  കോടി രൂപയുടെ നികുതി തര്‍ക്കമാണ് കമ്പനിയുമായി നിലനില്‍ക്കുന്നത്. തീരുമാനത്തിന് പാര്‍ലിമെന്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

 
 
വൊഡാഫോണ്‍ കമ്പനിയും നികുതി അതോറിറ്റിയും  അനുരഞ്ജന മാര്‍ഗ്ഗത്തിലൂടെ തീരുമാനം ഉണ്ടാക്കുന്നതാണ് നല്ലതെന്ന്‍ ചിദംബരം പറഞ്ഞു. ഇത് നിയമപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലികോം മന്ത്രിയായി കഴിഞ്ഞ മാസം കപില്‍ സിബല്‍ അധികാരമേറ്റ സമയത്തു തന്നെ വൊഡാഫോണ്‍ കേസ്‌ പരിഹരിക്കുമെന്ന്‌ വ്യക്തമാക്കിയിരുന്നു.  കോടതിക്കു പുറത്ത് തന്നെ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
 
 
അനുരഞ്ജനത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഇക്കാര്യം രണ്ടു ദിവസത്തിനകം വൊഡാഫോണിനെ അറിയിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അനുരഞ്ജനം വിജയിക്കുകയാണെങ്കില്‍ ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്തേണ്ടി വരും.
 
 
2007-ലാണ്‌ വൊഡാഫോണ്‍ ഹച്ചിസണ്‍ എസാറിന്റെ ഓഹരികള്‍ വാങ്ങിക്കുന്നത്‌. 11,200 കോടി രൂപയോളമാണ് അന്ന്‍ നികുതി അടക്കേണ്ടിയിരുന്നത്. എന്നാല്‍ ഹച്ചിസണ്‍ വിദേശ  കമ്പനിയായതിനാല്‍ ഇന്ത്യയില്‍ നികുതി അടക്കാന്‍  പറ്റില്ലെന്ന് വൊഡാഫോണ്‍ വാദിച്ചു. സര്‍ക്കാര്‍ ഇതിനെതിരേ നടപടി എടുത്തതോടെ വോഡഫോണ്‍ സുപ്രീം കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു. പിന്നീട് ആദായനികുതി നിയമത്തില്‍ സര്‍ക്കാര്‍ പില്‍ക്കാല പ്രാബല്യത്തോടെ ഭേദഗതികള്‍ കൊണ്ടുവന്നു. ഇതിനെതിരെ തര്‍ക്കപരിഹാര നിയമപ്രകാരമുള്ള നടപടികള്‍ വൊഡാഫോണ്‍ ആരംഭിച്ചിരുന്നു.

Tags: