പ്രചരണ ചുമതല മോഡിക്ക് നല്‍കാമെന്ന്‍ അദ്വാനി

Wed, 05-06-2013 01:56:00 PM ;

ന്യൂഡല്‍ഹി: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണ ചുമതല നരേന്ദ്ര മോഡിയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. അതേസമയം, ഈ വര്‍ഷാവസാനം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് പ്രത്യേകം കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും അദ്വാനി മുന്നോട്ട് വച്ചു. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങുമായുള്ള ചര്‍ച്ചയിലാണ് അദ്വാനി നിലപാട് വ്യക്തമാക്കിയത്.

 

മധ്യപ്രദേശ്, ഛത്തിസ്‌ഗഡ്, രാജസ്ഥാന്‍, ദല്‍ഹി എന്നീ സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചരണ ചുമതല മുന്‍ പ്രസിഡന്റ് നിതിന്‍ ഗഡ്കരിക്ക് നല്‍കണമെന്നാണ് അദ്വാനി നിര്‍ദ്ദേശിച്ചത്. എന്നാല്‍, ഗഡ്കരി ഈ ചുമതല നിരസിച്ചതായാണ് സൂചന. ഗോവയില്‍ നടക്കാനിരിക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും.

 

ബിജെപിയിലെ നല്ലൊരു വിഭാഗം മോഡി പ്രചരണ ചുമതല ഏറ്റെടുക്കണമെന്ന അഭിപ്രായക്കാരാണ്. എന്നാല്‍, മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ അദ്വാനി തൃപ്തനല്ല എന്നാണ് സൂചന. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനെയും താരതമ്യപ്പെടുത്തി അദ്വാനി നേരത്തെ പ്രസ്താവനകള്‍ നടത്തിയിരുന്നു. 

Tags: