ശ്രീശാന്തിനു ജാമ്യം അനുവദിച്ചു

Tue, 11-06-2013 10:28:00 AM ;

ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവപ്പു കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്ത് ഉള്‍പ്പടെയുള്ള പതിനെട്ടു പേര്‍ക്ക് സാകേത് അഡിഷണൽ സെഷൻസ് ജഡ്ജി വിനയ് കുമാർ ഖന്ന ജാമ്യം അനുവദിച്ചു. ഇവര്‍ക്കെതിരെ മക്കോക കുറ്റം ചുമത്തുന്നതിനു പര്യാപ്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്കുഷന്‍ പരാജയപ്പെട്ടതിനാലാണ് ജാമ്യം അനുവദിച്ചത്.

 

തെളിവുകളില്ലാതെ മക്കോക്ക ചുമത്തുന്നത് നിയമത്തെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് കോടതി പറഞ്ഞു. മാത്രമല്ല പ്രതികള്‍ക്ക് അധോലോക ബന്ധമുണ്ടെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതിലും പ്രോസിക്കുഷന്‍ വിജയിച്ചില്ല. വ്യക്തമായ തെളിവുകളില്ലാതെ ആരെയും ശിക്ഷിക്കാന്‍ നിയമം അനുശാസിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്കുഷന്റെ വാദം കോടതി തള്ളി. എന്നാല്‍ പ്രതികളുടെ പാസ്സ്പോര്‍ട്ട് കോടതിയില്‍ കെട്ടിവക്കുകയും വിദേശ യാത്ര ഒഴിവാക്കുകയും വേണമെന്ന് കോടതി നിഷ്കര്‍ഷിച്ചിട്ടുണ്ട്.

 

ജാമ്യം ലഭിച്ചതോടെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ശ്രീശാന്ത് ചൊവ്വാഴ്ച പുറത്തിറങ്ങും. മെയ്‌ 16-നാണ് ശ്രീശാന്തിനെയും സഹതാരങ്ങളെയും ഒത്തുകളിയുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

Tags: