തെലുങ്കാന പ്രതിഷേധം നിരവധി പേര്‍ അറസ്റ്റില്‍

Fri, 14-06-2013 05:17:00 PM ;

ഹൈദ്രാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു തെലുങ്കാന ജോയിന്റ് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശ് അസ്സംബ്ലിയിലേക്ക് നടത്തിയ ‘ചലോ അസ്സംബ്ലി’ മാര്‍ച്ച് സംഘര്‍ഷത്തില്‍ അവസാനിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് എം.പിമാരും എം.എല്‍ .എമാരുമടക്കം നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 

എം.പിമാരായ ജി. വിവേക്, മണ്ഡ ജഗന്നാഥന്‍, മുന്‍ എം.പിമാരായ വിനോദ് ജിതേന്ദ്ര റെഡ്ഡി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ദിരാ പാര്‍ക്കിനടുത്ത് ടി.ആര്‍ .എസ് (തെലുങ്കാന രാഷ്ട്ര സമിതി) നേതാവ് കെ.ചന്ദ്രശേഖര റാവുവിന്‍റെ മകള്‍ കവിതയേയും അനുയായികളേയും പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെ നിയമസഭയിലേക്ക് പ്രകടനം നടത്തിയ ബിജെപി നേതാവ് എന്‍ .വി.എസ് പ്രഭാകരും പ്രവര്‍ത്തകരും അറസ്റ്റിലായി.

 

തെലുങ്കാന പ്രശ്നം കേന്ദ്രത്തിന്റെ പരിഗണനയിലായാതിനാല്‍  സംസ്ഥാന നിയമസഭയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര റെഡ്ഡി വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.

Tags: