ന്യൂഡല്‍ഹി: ജൂലൈ ഒന്ന് മുതല്‍ റോമിംഗ് നിരക്കുകള്‍ കുറക്കാന്‍ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) തീരുമാനിച്ചു. എസ്.എം.എസ്, കാള്‍ നിരക്കുകള്‍ തുടങ്ങിയവയ്ക്ക് കുറഞ്ഞ നിരക്കുകള്‍ ഏര്‍പ്പെടുത്തി. റോമിങ്ങിലാകുമ്പോള്‍ പുറത്തേക്കുള്ള ലോക്കല്‍ കോളിന് മിനിറ്റിന് ഒരു രൂപയാക്കി. നേരത്തേ ഇത് 1.40 ആയിരുന്നു. എസ്.ടി.ഡി.ക്ക് ദേശീയതലത്തില്‍ റോമിങ് ചാര്‍ജ് മിനിറ്റിന് 1.50 ആക്കി. ഇത് മുമ്പ് 2.40 ആയിരുന്നു. റോമിംഗ് പൂര്‍ണമായും സൌജന്യമാക്കുമെന്ന വാര്‍ത്തയെതുടര്‍ന്നാണ് ട്രായിയുടെ ഇപ്പോഴത്തെ നീക്കം.
റോമിംഗില്‍ ലോക്കല്‍ എസ്.എം.എസുകള്‍ക്ക് ഒരു രൂപയും എസ്.ടി.ഡിക്ക് 1.50 രൂപയുമാണ് പുതിക്കിയ താരിഫ് നിരക്കുകള്‍. ഈ നിരക്കുകളില്‍ താഴെ ഈടാക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ നിരക്കുകളില്‍ കൂടാന്‍ പാടില്ല. റോമിംഗ് സൌജന്യമാക്കിയാല്‍ അത് വഴി സേവനദാദാക്കള്‍ക്കുണ്ടാവുന്ന നഷ്ടം നികത്തുന്നതിനായി അവര്‍ ഉപയോക്താക്കളില്‍ നിന്ന് തന്നെ ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്നുള്ളതുകൊണ്ടാണ് റോമിംഗ് സൌജന്യമാക്കാത്തതെന്നു ട്രായ് പറഞ്ഞു.