ദുരന്ത നിവാരണ നിയമത്തില്‍ മാറ്റം വരുത്തുന്നു

Sat, 22-06-2013 04:51:00 PM ;
ന്യൂഡല്‍ഹി

ഉത്തരഖണ്ഡിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ കേന്ദ്രം ആലോചിക്കുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റങ്ങള്‍ വരുത്താനാണ് ശ്രമം. നിലവില്‍ അതോറിറ്റിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നയങ്ങളും രൂപീകരിക്കാനല്ലാതെ അവ നടപ്പിലാക്കാന്‍ സംവിധാനങ്ങളില്ല.

 

അതോറിറ്റിയുടെ മുന്‍ സെക്രട്ടറി പി.കെ മിശ്രയുടെ നേതൃത്വത്തിലുള്ള കര്‍മ്മസമിതിയുടെ ഈ വിഷയത്തിലുള്ള റിപ്പോര്‍ട്ട് കേന്ദ്രത്തിന്റെ പരിഗണനയിലാണ്. അതോരിറ്റി ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും വിവിധ മന്ത്രാലയങ്ങളുമായി കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നറിയുന്നു.

 

വിരമിച്ച ഉദ്യോഗസ്ഥ ലാവണമായി മാറിയ അതോറിറ്റിക്ക് ദുരന്ത സമയങ്ങളില്‍ വേണ്ടവിധം ഇടപെടാനാവുന്നില്ല എന്ന്‍ പരാതി ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി ചെയര്‍മാനായ ദുരന്ത നിവാരണ അതോറിറ്റിയില്‍ വൈസ് ചെയര്‍മാന് കാബിനറ്റ് മന്ത്രിയുടെ പദവിയും എട്ടംഗങ്ങള്‍ക്ക് കേന്ദ്ര സഹമന്ത്രിയുടെ പദവിയുമാണ്. അതോറിറ്റിയുടെ സെക്രട്ടേറിയറ്റില്‍ ഒരു സെക്രട്ടറിയുടേയും  നാല് ജോയന്റ് സെക്രട്ടറിമാരുടേയും കീഴില്‍ 130-ഓളം ഉദ്യോഗസ്ഥരുണ്ട്.

 

രക്ഷാപ്രവര്‍ത്തനം തുടരുന്ന ഉത്തരഖണ്ഡില്‍ കേദാര്‍നാഥില്‍ കുടുങ്ങിക്കിടക്കുന്ന 1000-ത്തിലധികം പേരില്‍ ചിലരെ സൈന്യം രക്ഷപ്പെടുത്തി. 27,000 പേരെ ഇതിനകം സൈന്യം ഇവിടെനിന്ന് പുറത്തെത്തിച്ചു. 550 പേര്‍ മരിച്ചതായാണ് ഔദ്യോഗിക അറിയിപ്പ്. സൈന്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൌത്യമാണ് ഉത്തരഖണ്ഡില്‍ നടത്തുന്നത്.

Tags: