ഇസ്രത്ത് തീവ്രവാദിയല്ല; മറ്റുള്ളവര്‍ക്ക് ഭീകര ബന്ധം- സി.ബി.ഐ

Wed, 03-07-2013 12:43:00 PM ;
അഹമ്മദാബാദ്

ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ തീവ്രവാദി ആയിരുന്നില്ലെന്ന് സി.ബി.ഐ. എന്നാല്‍, ഒന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ട മറ്റ് മൂന്നുപേര്‍ക്കും ഭീകരബന്ധമുണ്ടായിരുന്നതായി സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു. ബുധനാഴ്ച കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.

 

മുംബൈ മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ഷെയ്ക്ക്, അംജദ് അലി റാണ, സീഷാന്‍ ജോഹര്‍ എന്നിവര്‍ അഹമ്മദാബാദില്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുകയായിരുന്നെന്ന് സി.ബി.ഐ പറയുന്നു. ഇവക്ക് മറയായി മുംബൈയില്‍ കോളേജ് വിദ്യാര്‍ഥിനിയായ ഇസ്രത്തിനെ ജാവേദ് ഉപയോഗിച്ചെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

 

പാക് ഭീകരസംഘടനയായ  ലഷ്കര്‍-എ-തൈബയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി)യുടെ കണ്ടെത്തല്‍ സി.ബി.ഐ ശരിവെക്കുകയായിരുന്നു. എന്നാല്‍, ഗുജറാത്ത് പോലീസിന്റെ വാദത്തിന് വിരുദ്ധമായി മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇവരുടെ ലക്ഷ്യമായിരുന്നില്ല എന്നാണ് സി.ബി.ഐ പറയുന്നത്.

 

ഏറ്റുമുട്ടലില്‍ പങ്കെടുത്ത ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഐ.ബി ഓഫീസില്‍ നിന്ന് കൊണ്ടുവന്ന ആയുധങ്ങളാണ് കൊലപാതകത്തിന് ശേഷം ഏറ്റുമുട്ടല്‍ തെളിയിക്കാനായി മൃതദേഹങ്ങള്‍ക്ക് സമീപം വെച്ചതെന്ന് മൊഴിയിലുണ്ട്. സംഭവത്തില്‍ ഐ.ബി ജോയന്റ് ഡയറക്ടര്‍ രജിന്ദര്‍ കുമാറിന്റെ പങ്കിനുള്ള തെളിവുകളും സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, കുമാറിനെ തല്‍കാലം പ്രതിചെര്‍ക്കില്ലെന്നാണ് സൂചന.   

Tags: