ബുദ്ധഗയ മഹാബോധി ക്ഷേത്രത്തില്‍ തുടര്‍സ്ഫോടനങ്ങള്‍

Sun, 07-07-2013 11:21:00 AM ;
ഗയ

ബീഹാറിലെ ബുദ്ധഗയയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്‍പത് തുടര്‍സ്ഫോടനങ്ങള്‍. ഇതില്‍ നാലെണ്ണം മഹാബോധി ക്ഷേത്രസമുച്ചയത്തിനകത്തായിരുന്നു. രണ്ട് സന്യാസിമാര്‍ക്ക് ഇവിടെ പരിക്കേറ്റിട്ടുണ്ട്. സംഭവം ഭീകരാക്രമണമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

 

പരിക്കേറ്റ ബുദ്ധസന്യാസിമാര്‍ തിബറ്റ്, മ്യാന്മര്‍ സ്വദേശികളാണ്. ശ്രീലങ്ക, ചൈന, ജപ്പാന്‍, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വ്യാപകമായെത്തുന്ന ബുദ്ധമതത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് മഹാബോധി ക്ഷേത്രം. ക്ഷേത്രത്തിന് കേടുപാടുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

 

പുലര്‍ച്ചെ 5.30-നും ആറിനും ഇടയിലായിരുന്നു സ്ഫോടനങ്ങള്‍. തീവ്രത കുറഞ്ഞ നാടന്‍ ബോംബുകള്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്. സംഭവം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി അനില്‍ ഗോസ്വാമി പറഞ്ഞു.

 

ക്ഷേത്രസമുച്ചയത്തിനകത്തെ നാല് സ്ഫോടനങ്ങള്‍ക്ക് പുറമേ മൂന്നെണ്ണം കര്‍മപ ആശ്രമത്തിലും ഒരെണ്ണം ഗയയിലെ 80 അടി ഉയരമുള്ള ബുദ്ധപ്രതിമക്ക് സമീപവുമായിരുന്നു. മറ്റൊരു സ്ഫോടനം ബസ് സ്റ്റാന്‍ഡിലായിരുന്നു. ബുദ്ധപ്രതിമക്ക് സമീപത്തു നിന്നും ബസ് സ്റ്റാന്‍ഡിലും ഓരോ ബോംബുകള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കിയിട്ടുണ്ട്.

 

വജ്രസിംഹാസനത്തോട്‌ കൂടിയ മഹാബോധി ക്ഷേത്രവും ബോധിവൃക്ഷവും ചേര്‍ന്നതാണ് മഹാബോധി ക്ഷേത്രസമുച്ചയം. ശ്രീലങ്കയിലെ ബോധിവൃക്ഷത്തിന്റെ തൈ വച്ചുപിടിപ്പിച്ചതാണ് ഇവിടത്തെ ബോധിവൃക്ഷം. ഗൗതമ ബുദ്ധന് ജ്ഞാനോദയം ഉണ്ടായ ബോധിവൃക്ഷത്തിന്റെ തൈയില്‍ നിന്ന് വളര്‍ത്തിയതാണ് ശ്രീലങ്കയിലെ ബോധിവൃക്ഷം. 52 രാജ്യങ്ങളുടെ ആശ്രമങ്ങള്‍ ഇവിടെയുണ്ട്.

Tags: