1991-ന്റെ ആവര്‍ത്തനമല്ലെന്ന് പ്രധാനമന്ത്രി

Sat, 17-08-2013 04:47:00 PM ;
ന്യൂഡല്‍ഹി

manmohan singhരാജ്യം 1991-ലേതു പോലുള്ള ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. സാമ്പത്തിക വ്യവസ്ഥ ആഗോളവല്‍ക്കരണത്തിന്റെ പാതയില്‍ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുകയും ഓഹരിക്കമ്പോളം കൂപ്പുകുത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

 

1991-ല്‍ ഇന്ത്യയുടെ വിദേശവിനിമയം നിശ്ചിത നിരക്കില്‍ ആയിരുന്നെങ്കില്‍ ഇന്നത് കമ്പോളവുമായി ബന്ധപ്പെടുത്തിയാണ് നിശ്ചയിക്കുന്നത്. രൂപയുടെ ചാഞ്ചല്യം പരിഹരിക്കേണ്ട ആവശ്യമേ ഇപ്പോഴുള്ളൂ. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

 

1991-ല്‍ 15 ദിവസത്തേക്കുള്ള വിദേശനാണ്യ കരുതല്‍ ശേഖരമേ ഇന്ത്യക്കുണ്ടായിരുന്നുള്ളൂ. ആറ്-ഏഴ് മാസത്തേക്കുള്ള കരുതല്‍ ശേഖരം നിലവില്‍ ഉണ്ടെന്നും അതിനാല്‍ താരതമ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 1991-ലേതു പോലുള്ള പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുന്നുവെന്ന ഭയത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

1991-ലെ ബാലന്‍സ് ഓഫ് പെയ്മെന്റ് പ്രതിസന്ധിയുടെ സമയത്ത് കരുതല്‍ സ്വര്‍ണ്ണശേഖരം പണയം വെക്കേണ്ട അവസ്ഥ ഇന്ത്യ നേരിട്ടിരുന്നു. തുടര്‍ന്നാണ്‌ അന്ന്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശാനുസരണമുള്ള സാമ്പത്തിക പരിഷ്കരണ നടപടികള്‍ ആരംഭിച്ചത്.

Tags: