സിന്ധുരക്ഷക് ദുരന്തകാരണം ആയുധങ്ങള്‍ക്ക് തീ പിടിച്ചത്: ആന്റണി

Tue, 20-08-2013 12:03:00 PM ;
ന്യൂഡല്‍ഹി

ഐ.എന്‍.എസ് സിന്ധുരക്ഷകില്‍ ഉണ്ടായ സ്ഫോടനത്തിനു കാരണം ആയുധങ്ങള്‍ക്ക് തീ പിടിച്ചതാണെന്ന് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നെന്നു പ്രതിരോധ മന്ത്രി എ.കെ ആന്റണി. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ അന്തര്‍വാഹിനികളിലെയും ആയുധങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ നാവിക സേന ഉത്തരവിട്ടിട്ടുണ്ടെന്നും ആന്‍റണി രാജ്യ സഭയില്‍ വ്യക്തമാക്കി.

 

സ്ഫോടനത്തിന്റെ കാരണം ഇത് വരെയും വ്യക്തമായിട്ടില്ല. നാലു മലയാളികള്‍ ഉള്‍പ്പെടെ പതിനെട്ടോളം നാവികരാണ് അപകടത്തില്‍പെട്ടത്. കപ്പലിനുള്ളില്‍ ഇരുട്ടായതിനാല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സമയമെടുക്കുമെന്നും ആന്റണി സൂചിപ്പിച്ചു. വിദഗ്ധരുടെ സംഘമടങ്ങിയ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും  ഇവരുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

 

ഇതിനിടെ തിങ്കളാഴ്ച നടത്തിയ തിരച്ചിലില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഏഴു മൃതദേഹങ്ങള്‍ കണ്ടെത്തി. ശേഷിക്കുന്ന 11 നാവികര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ഡി.എന്‍.എ ടെസ്റ്റിലൂടെ മാത്രമേ തിരിച്ചറിയാനാവുകയുള്ളൂ.

 

ആഗസ്റ്റ്‌ 13നാണ് മുംബൈയിലെ നാവികസേനാ താവളത്തില്‍ നടന്ന അന്തര്‍വാഹിനി സ്ഫോടനത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ 18 നാവികരെ കാണാതായത്.

Tags: