ജനപ്രതിനിധികളുടെ അയോഗ്യത: വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിച്ചു

Wed, 02-10-2013 01:03:00 PM ;
ന്യൂഡല്‍ഹി

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് തടയുന്നതിനുള്ള ഓർഡിനൻസ് പിൻവലിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനന്‍സ് പിന്‍വലിച്ചത്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലും പിന്‍വലിക്കും. 

 

കോർകമ്മിറ്റി തീരുമാനമെടുത്ത സാഹചര്യത്തിൽ മന്ത്രിസഭാതീരുമാനം ഔപചാരികം മാത്രമായിരുന്നു. സോണിയ ഗാന്ധി,​ മൻമോഹൻസിംഗ്,​ പി.ചിദംബരം,​ സുശീൽകുമാർ ഷിൻഡെ,​ എ.കെ.ആന്റണി,​ അഹമ്മദ് പട്ടേൽ എന്നിവരാണ് കോർ കമ്മിറ്റിയിലുള്ളത്. ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരസ്യമായി രംഗത്ത് വന്നിരുന്നു. ഓര്‍ഡിനന്‍സ് ശുദ്ധ അസംബന്ധമാണെന്നും അത് കീറിയെറിയണമെന്നുമായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്. രാഹുലിന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ പ്രകടിപ്പിച്ചത് പൊതുവികാരമാണെന്ന് രാഹുല്‍ മറുപടി നല്‍കി. താന്‍ നടത്തിയ പ്രസ്താവനയില്‍ രാഹുല്‍ പ്രധാനമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചിരുന്നു.

 

പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയശേഷമാണ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നത്.  കൂടിക്കാഴ്ചയില്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതാണ് ഉചിതമെന്ന് രാഹുല്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. 

Tags: