കാലിത്തീറ്റക്കേസ്: ലാലുവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും

Thu, 03-10-2013 03:21:00 PM ;
റാഞ്ചി

കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇദ്ദേഹത്തിനു പുറമേ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ഐക്യ ജനദാദള്‍ നേതാവുമായ ജഗനാഥ് മിശ്ര, ജെ.ഡി.യു എം.പി ജഗദീഷ് ശര്‍മ എന്നിവര്‍ക്ക് നാലു വര്‍ഷം തടവും മിശ്രക്ക് രണ്ടു ലക്ഷം രൂപയും ജഗദീഷ് ശര്‍മക്ക് അഞ്ച് ലക്ഷം രൂപയും പിഴ വിധിച്ചു.  ഐ.എ.എസ് ഉദ്യോഗസ്ഥനും അഴിമതി നടന്ന കാലഘട്ടത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലക്കാരനുമായിരുന്ന വി.എന്‍. ശര്‍മ്മക്ക് അഞ്ച് വര്‍ഷത്തെ തടവും ഒന്നര കോടി രൂപയുടെ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

 

ലാലുപ്രസാദ് ഉള്‍പ്പടെയുള്ള 46 പേര്‍ കേസില്‍ കുറ്റക്കാരാണെന്ന്കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. സംസ്ഥാന വിഭജനത്തിനു മുന്‍പ് ബിഹാറിലെ ചെബാസ ട്രഷറിയില്‍ നിന്ന് വ്യാജബിൽ ഉപയോഗിച്ച് 37.7 കോടി രൂപ പിന്‍വലിച്ചുവെന്നാണ്‌ കേസ്. ബിഹാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്‌, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങിയ ഇനത്തിലായിരുന്നു വ്യാജബില്‍ സൃഷ്ടിച്ചത്. കുറ്റകരമായ ഗൂഢാലോചന, അഴിമതി, വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങളാണ്‌ ലാലുവിനെതിരെയുള്ളത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജഡ്ജി വിധിപറഞ്ഞത്.

 

17 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ആകെ 61 കേസില്‍ ലാലുവിനും മിശ്രക്കുമെതിരെ അഞ്ചു കേസുകളാണുള്ളത്. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ലാലുവിന്റെയും ജഗദീഷ് ശര്‍മയുടെയും ലോകസഭാംഗത്വം നഷ്ടമാവും. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആര്‍.ജെ.ഡി അറിയിച്ചു. ശിക്ഷാകാലാവധിക്കു ശേഷം ആറു വര്‍ഷത്തേക്ക് ലാലുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

Tags: