ചലച്ചിത്ര പിന്നണിഗായകന്‍ മന്നാഡെ അന്തരിച്ചു

Thu, 24-10-2013 10:40:00 AM ;
ബംഗളൂരു

പ്രശസ്‌ത ചലച്ചിത്ര പിന്നണിഗായകന്‍ മന്നാഡെ അന്തരിച്ചു. ശ്വാസകോശ അസുഖത്തെത്തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. 94 വയസ്സായിരുന്നു. 1943-ല്‍ ‘തമന്ന’ എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച പ്രബോധ്‌ ചന്ദ്ര ഡേ എന്ന  മന്നാഡെ മലയാളം, ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, ആസാമീസ്‌ തുടങ്ങി ഒന്‍പത്‌ ഇന്ത്യന്‍ ഭാഷകളിലായി 4000-ല്‍ പരം സിനിമാഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌.

 

ചെമ്മീന്‍ എന്ന ചിത്രത്തിലെ ‘മാനസമൈനേ വരൂ’ എന്ന ഗാനം പാടിക്കൊണ്ട് മലയാളത്തിലും സാന്നിധ്യം അറിയിച്ചു. 1971-ല്‍ പത്മശ്രീയും 2005-ല്‍ പദ്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2007-ല്‍ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചു. രണ്ട്‌ തവണ മികച്ച പിന്നണിഗായകനുളള ദേശീയ അവാര്‍ഡും ലഭിച്ചു. മുകേഷ്, കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി എന്നിവര്‍ക്കൊപ്പം 1950-70 കാലഘട്ടത്തില്‍ അദ്ദേഹം ഇന്ത്യന്‍ സിനിമയില്‍ സജീവസാന്നിധ്യമായിരുന്നു. ‘മാഷാല്‍’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ്‌ അദ്ദേഹം പിന്നണിഗാന രംഗത്ത് സജീവമായത്.

 

നാനാപടേക്കറുടെ 'പ്രഹാര്‍' എന്ന ചിത്രത്തിലാണ്‌ അവസാനമായി പാടിയത്‌. മലയാളിയായ പ്രൊഫ: സുലോചനയാണ് ഭാര്യ.  

 

Tags: