തേജ്പാലിനെതിരായ ലൈഗികാരോപണം: വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍

Fri, 06-12-2013 01:01:00 PM ;
പനാജി

തെഹല്‍ക്ക സ്ഥാപകനും മുന്‍ പത്രാധിപരുമായ തരുണ്‍ തേജ്പാലിനെതിരേയുള്ള ലൈംഗികാരോപണ കേസിന്‍റെ വിചാരണ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നടക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. തേജ്പാലിനെതിരായ അന്വേഷണത്തില്‍ പുറത്തു നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാവില്ലെന്നും ഇരുവശങ്ങളും പരിഗണിക്കുമെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. വൈകിക്കിട്ടുന്ന നീതി നീതിനിഷേധമാണെന്നും പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് കാലതാമസമില്ലാതെ നീതി ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാല്‍ മാധ്യമപ്രവര്‍ത്തകയെ താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും സമ്മതത്തോടെയുള്ള പ്രവര്‍ത്തി മാത്രമായിരുന്നുവെന്ന് തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്‌പാല്‍ പൊലീസിന് മൊഴി നല്‍കി. തന്റെ മുന്‍ നിലപാടില്‍ തേജ്‌പാല്‍ ഉറച്ചു നില്‍ക്കുകയാണെന്ന് അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അതിനിടെ മജിസ്‌ട്രേട്ടിന് മുമ്പാകെ മൊഴി രേഖപ്പെടുത്താന്‍ മുന്‍ മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിയെയും തെഹല്‍കയിലെ സാക്ഷികളായ മൂന്നു ജീവനക്കാരെയും ഗോവ പോലീസ് വിളിപ്പിച്ചേക്കും. 

Tags: