‘ആത്മീയ സ്ഥാപനങ്ങള്‍ക്ക് ക്രമവിരുദ്ധമായി നികുതി ഇളവ് നല്‍കി’

Sat, 14-12-2013 02:14:00 PM ;
ന്യൂഡല്‍ഹി

കേരളത്തിലെ വിവിധ മത-ആത്മീയ സ്ഥാപനങ്ങളും ക്രിക്കറ്റ് അസോസിയേഷനും നികുതിയില്‍ അനധികൃത ലാഭമുണ്ടാക്കിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. മാതാ അമൃതാനന്ദമയി മഠം, ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രം, ഗുരുവായൂര്‍ ദേവസ്വം അടക്കമുള്ള സ്ഥാപനങ്ങളുടെ ആദായ നികുതി ഇടപാടുകളിലാണ് ക്രമക്കേട് നടന്നിട്ടുള്ളതായി സി.എ.ജി കണ്ടെത്തിയിട്ടുള്ളത്. ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ക്രമവിരുദ്ധമായി ഇളവുകള്‍ നല്‍കിയതായാണ് കണ്ടെത്തല്‍.

 

2009-11 സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകളാണ് സി.എ.ജി പരിശോധിച്ചത്. മാതാ അമൃതാനന്ദമയി മഠത്തിന് 46.7 കോടി രൂപയും ഗുരുവായൂര്‍ ദേവസ്വത്തിന് 21.46 കോടി രൂപയും ഡിവൈന്‍ ധ്യാനകേന്ദ്രത്തിന് 1.03 കോടി രൂപയുമാണ് ഇപ്രകാരം അനധികൃത ലാഭം ഉണ്ടായത്. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിരിക്കുന്ന ട്രസ്റ്റുകള്‍ അധിക വരുമാനം കൂടുതല്‍ ലാഭമുണ്ടാക്കാനായി സ്ഥാവര ആസ്ഥികളാക്കി മാറ്റുകയോ നികുതി വെട്ടിക്കാനായി മറ്റ് ട്രസ്റ്റുകളിലേക്ക് മാറ്റുകയോ ചെയ്യുന്നുവെന്നും വെള്ളിയാഴ്ച പാര്‍ലിമെന്റില്‍ വെച്ച റിപ്പോര്‍ട്ടില്‍ സി.എ.ജി വിമര്‍ശിക്കുന്നു.

 

കേരള ക്രിക്കറ്റ് അസോസിയേഷന് അടക്കം നാല് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബി.സി.സി.ഐയില്‍ നിന്ന്‍ ലഭിച്ച വരുമാനത്തില്‍ 37.23 കോടി രൂപയുടെ അനധികൃത ഇളവ് നല്‍കി. കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് 2.1.7 കോടി രൂപായും എറണാകുളം ലിസി മെഡിക്കല്‍ ട്രസ്റ്റിന് 1.19 കോടി രൂപയും ഇളവ് നല്‍കിയതും ക്രമപ്രകാരമല്ലെന്ന് സി.എ.ജി കണ്ടെത്തി.

 

ഈ കാലയളവില്‍ രാജ്യത്ത് 1211 ട്രസ്റ്റുകള്‍ക്കായി 3019.21 കോടി രൂപയുടെ ഇളവാണ് ഇപ്രകാരം ആദായനികുതി വകുപ്പ് നല്‍കിയത്. ആദായനികുതി നിയമത്തിലെ 80ജി വ്യവസ്ഥ പ്രകാരം സംഭാവനകള്‍ക്ക് നികുതി ഇളവ് നേടുന്ന സ്ഥാപനങ്ങളുടെ വരുമാന കണക്കുകള്‍ പരിശോധിക്കാന്‍ ആദായനികുതി വകുപ്പില്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

Tags: