ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2014-ല്‍ ആറു ശതമാനമാകുമെന്ന് യു.എന്‍ പ്രവചനം

Fri, 20-12-2013 01:46:00 PM ;
യുണൈറ്റഡ് നേഷന്‍സ്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2014-ല്‍ ആറു ശതമാനമായി ഉയരുമെന്ന് യു.എന്‍ ഏജന്‍സി. കഴിഞ്ഞ രണ്ട് വര്‍ഷം അഞ്ച് ശതമാനത്തിന് അടുത്തായിരുന്നു ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്. അതേസമയം, ഏഷ്യയിലെ വികസ്വര രാഷ്ട്രങ്ങള്‍ അടുത്ത വര്‍ഷവും കുറഞ്ഞ വളര്‍ച്ചാ നിരക്കില്‍ തുടരുമെന്ന് ഏഷ്യാ പസഫിക്കിനായുള്ള യു.എന്‍ സാമ്പത്തിക-സാമൂഹ്യ കമ്മീഷന്റെ സര്‍വേ പറയുന്നു.

 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ തുടര്‍ച്ചയായി മൂന്ന്‍ വര്‍ഷം ഏഷ്യയിലെ സമ്പദ്വ്യവസ്ഥകള്‍ ശരാശരി ആറു ശതമാനത്തില്‍ താഴെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്ന ആദ്യ അവസരമാകും 2014-ല്‍ ഉണ്ടാകുക എന്ന്‍ കമ്മീഷന്‍ പറയുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന്‍ ഈ രാജ്യങ്ങള്‍ പതുക്കെയാണ് കരകയറുന്നതെന്നും വികസിത രാജ്യങ്ങള്‍ സ്വീകരിക്കുന്ന സംരക്ഷണ നടപടികള്‍ ഇതിന് കാരണമാകുന്നതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഏഷ്യയിലെ രാജ്യങ്ങള്‍ പ്രാദേശികമായ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് കമ്മീഷന്‍ ഡയറക്ടര്‍ അനിസുസ്സമാന്‍ ചൗധരി തായ്ലണ്ട് തലസ്ഥാനമായ ബാങ്കോക്കില്‍ സര്‍വേ റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് പറഞ്ഞു.  

 

അടുത്ത വര്‍ഷം ഏഷ്യയിലെ വികസ്വര രാഷ്ട്രങ്ങള്‍ 5.6 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നാണ് കമ്മീഷന്റെ പ്രവചനം. 2013-ല്‍ ആറു ശതമാനമായിരുന്നു കമ്മീഷന്റെ പ്രവചനമെങ്കിലും നിരക്ക് 5.2 ശതമാനമായിരുന്നു. 2012-2014 കാലഘട്ടത്തില്‍ ശരാശരി 5.4. ശതമാനമാണ് ഏഷ്യയിലെ വികസ്വര രാഷ്ട്രങ്ങളുടെ വളര്‍ച്ചാ നിരക്ക്. ആഗോള സാമ്പത്തിക മാന്ദ്യത്തിനു മുന്നുള്ള 2002-07 കാലയളവില്‍ ഈ രാജ്യങ്ങള്‍ ശരാശരി 8.4 ശതമാനം നിരക്കിലാണ് സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത്.

 

മേഖലയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ചൈന താരതമ്യേന വേഗത്തിലാണ് വളര്‍ച്ച രേഖപ്പെടുത്തുന്നത്. 2013-ല്‍ 7.5 ശതമാനം നിരക്കില്‍ വളര്‍ന്ന ചൈനയുടെ അടുത്ത വര്‍ഷത്തെ നിരക്ക് 7.3 ശതമാനമായിരിക്കുമെന്നാണ് കമ്മീഷന്റെ പ്രവചനം. എന്നാല്‍, ഇന്തോനേഷ്യ, മലേഷ്യ, തായ്ലാണ്ട് എന്നീ രാജ്യങ്ങളിലെല്ലാം മുന്‍ വര്‍ഷത്തേക്കാളും മൊത്ത ആഭ്യന്തര ഉല്‍പ്പാദന നിരക്കിലെ വളര്‍ച്ച 2013-ല്‍ പതുക്കെയായി.

 

യു.എസ് നാണ്യനയത്തില്‍ വൈകാതെ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ മേഖലയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന് കമ്മീഷന്‍ പറയുന്നു. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് നടപ്പാക്കാന്‍ പോകുന്ന ടേപ്പറിംഗ് എന്ന്‍ വിളിക്കപ്പെടുന്ന നടപടികള്‍ മലേഷ്യ, ഫിലിപ്പീന്‍സ്, റഷ്യ, തായ്ലാണ്ട് എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം 1.2 മുതല്‍ 1.3 ശതമാനം വരെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് സൃഷ്ടിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നടപടികള്‍ ഇന്ത്യയില്‍ കാര്യമായ ആഘാതം ഉണ്ടാക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരം നേരത്തെ പ്രസ്താവിച്ചിരുന്നു.   

Tags: