രണ്ടിടത്തുകൂടി ഭക്ഷ്യ വിഷബാധ

Thu, 18-07-2013 09:54:00 PM ;
പാട്ന

ബീഹാറിലെ ദരംസാത്തി പ്രൈമറി സ്കൂളില്‍ ചൊവ്വാഴ്ചയുണ്ടായ ഭക്ഷ്യ വിഷബാധയെതുടര്‍ന്നു 22 കുട്ടികള്‍ മരിച്ചതിനു പുറകെ വീണ്ടും രാജ്യത്ത് ഭക്ഷ്യവിഷബാധയേറ്റു  നിരവധി കുട്ടികള്‍ ആശുപത്രിയിലായി. ബീഹാറിലെ മധുബാനി ജില്ലയിലെ  മിഡില്‍ സ്കൂളിലാണ് 50 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായത്. മഹാരാഷ്ട്രയിലും സര്‍ക്കാര്‍ സ്ക്കുളിലെ ഉച്ചഭക്ഷണം കഴിച്ച 31 കുട്ടികള്‍ ആശുപത്രിയിലായി. ആരുടെയും നില ഗുരുതരമല്ല.

 

മിഡില്‍ സ്കൂളിലെ കുട്ടികള്‍ക്ക് വിളമ്പിയ ഉച്ച ഭക്ഷണത്തില്‍ ചത്ത പല്ലിയുടെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. ഇതിനിടെ ദരംസാത്തി പ്രൈമറി സ്കൂളില്‍ ഉണ്ടായ ഭക്ഷ്യ വിഷബാധയില്‍  കുട്ടികള്‍ മരിക്കാനിടയായതിനെ തുടര്‍ന്ന് പ്രധാനാധ്യാപികയും കുടുംബവും ഒളിവില്‍ പോയി. 50-ലധികം കുട്ടികള്‍ ഇപ്പോഴും ഗുരുതരാവസ്‌ഥയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

 

ബിഹാറിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ഉച്ചഭക്ഷണവിതരണ പദ്ധതിയില്‍ കൂടുതല്‍ ശ്രദ്ധനല്‍കണമെന്ന്  കേന്ദ്രമാനവശേഷി മന്ത്രി എം.എം. പള്ളം രാജു നിര്‍ദേശിച്ചു.കുട്ടികള്‍ മരിച്ചതില്‍ പ്രധിഷേധിച്ച് നാട്ടുകാര്‍ സ്കൂള്‍ അടിച്ചു തകര്‍ക്കുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദ്‌ ആചരികുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Tags: