ഐ.പി.എല്‍ വാതുവെപ്പ്: ആദ്യ കുറ്റപത്രം തയ്യാറായി

Mon, 15-07-2013 08:27:00 AM ;
ന്യൂഡല്‍ഹി

ഐ.പി.എല്‍ വാതുവെപ്പ് കേസിലെ ആദ്യ കുറ്റപത്രം തയ്യാറായി. മലയാളി താരം ശ്രീശാന്ത് ഉള്‍പ്പടെ 26 പേരെ ഉള്‍പ്പെടുത്തിയാണ് ദല്‍ഹി പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെയും ചോട്ടാ ഷക്കീലിന്റെയും പേരുകളും പൊലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ദല്‍ഹി പോലീസിന്റെ ശ്രമം. പ്രതികള്‍ക്കെതിരെ മക്കോക്ക ഉള്‍പ്പടെയുള്ള കുറ്റങ്ങളും പോലീസ് ചുമത്തിയിട്ടുണ്ട്. കേസില്‍ തെളിവായി ലഭിച്ച ഫോണ്‍ സംഭാഷണങ്ങളും സി.സി ടിവി ദൃശ്യങ്ങളും കുറ്റപത്രത്തിനോപ്പം സമര്‍പ്പിക്കും. പ്രതികളുടെ പങ്കിനെ കുറിച്ച് വിശദമായി അറിയുന്നതിന് വേണ്ടി ബി.സി.സി.ഐയുമായി ദല്‍ഹി പോലീസ് കൂടിക്കാഴ്ച നടത്തി.

 

വാതുവെപ്പ് കേസില്‍ കുറ്റമാരോപിക്കപ്പെട്ട മൂന്നു താരങ്ങളും 19 ഇടനിലക്കാരും ഇപ്പോള്‍ ജാമ്യത്തിലാണ്. കളിക്കിടയില്‍ 20 ലക്ഷം മുതല്‍ 60ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയെന്നുള്ളതിനു ശക്തമായ തെളിവുകള്‍ കൈവശമുണ്ടെന്നു ദല്‍ഹി പോലീസ് വ്യക്തമാക്കി. കളിക്കാരായ സിദ്ധാര്‍ഥ് ത്രിവേദിയുടെയും ഹര്‍മീത് സിങ്ങിന്റെയും മൊഴികളും കുറ്റപത്രത്തില്‍ ശക്തമായ തെളിവുകള്‍ എന്ന നിലയില്‍ അവതരിപ്പിച്ചുണ്ട്.

Tags: