ജസീറ മണല്‍ മാഫിയക്കെതിരെയുള്ള സമരം പിന്‍വലിച്ചു

Fri, 31-01-2014 04:23:00 PM ;
ന്യൂഡല്‍ഹി

jaseera

മണല്‍ മാഫിയക്കെതിരെ മാസങ്ങളായി നടത്തിയിരുന്ന സമരം ജസീറ പിന്‍വലിച്ചു. മണല്‍ മാഫിയ നടത്തി വരുന്ന മണല്‍കടത്തിനെതിരെ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കിയതിനാലാണ് സമരം നിറുത്തുന്നതെന്ന് ജസീറ പറഞ്ഞു. ഡല്‍ഹിയില്‍ എത്തിയ  മുഖ്യമന്ത്രി ജന്ദര്‍മന്ദറില്‍ സമരം ചെയ്യുകയായിരുന്ന ഇവരെ സന്ദര്‍ശിക്കുകയായിരുന്നു.

 

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അബ്ദുള്ളക്കുട്ടി എവിടെ മത്സരിച്ചാലും എതിര്‍സ്ഥാനാര്‍ഥി താന്‍ ആയിരിക്കുമെന്നും ജസീറ പറഞ്ഞു. ജസീറയുടെ സമരം വെറുതെയാണെന്നും കുട്ടികളുടെ ഭാവി നശിപ്പിക്കാതെ സമരം നിര്‍ത്തണമെന്നും അബ്ദുള്ളക്കുട്ടി ജസീറയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ആയിരുന്നു ജസീറയുടെ പ്രതികരണം.

 

ഡല്‍ഹിയില്‍ നിന്നു നേരെ പോകുന്നത് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീട്ടിലേയ്ക്കായിരിക്കുമെന്നും പ്രഖ്യാപിച്ച പാരിതോഷികം നല്‍കിയില്ലെങ്കില്‍ നിരാഹാര സമരമിരിക്കുമെന്നും ജസീറ പറഞ്ഞു.

 

2013 ഒക്ടോബര്‍ ആറിനാണ് മൂന്നു മക്കള്‍ക്കൊപ്പം ജസീറ ഡല്‍ഹിയില്‍ സമരം തുടങ്ങിയത്.കണ്ണൂരിലെ മാട്ടൂല്‍ കടപ്പുറത്തുനിന്ന് വ്യാപകമായി മണലെടുക്കുന്നതിനെതിരെ പഴയങ്ങാടി പോലീസ് സ്‌റ്റേഷനുമുന്നില്‍ ജസീറ സമരം ചെയ്തിരുന്നു. നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കളക്ടറേറ്റിന് മുന്നിലും പിന്നീട് സെക്രട്ടേറിയറ്റിലേക്കും ജസീറയുടെ സമരം നീണ്ടു. രണ്ടുമാസത്തിലേറെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയിട്ടും ഫലമുണ്ടാവാത്തതുകൊണ്ടാണ് ഡല്‍ഹിയിലെത്തിയത്.

Tags: