ബി.ജെ.പി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

Sat, 08-03-2014 04:49:00 PM ;
ന്യൂഡല്‍ഹി

bjp logoലോക്‌സഭാ തെരഞ്ഞെടുപ്പിലെക്കുള്ള ബി.ജെ.പിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ദക്ഷിണ സംസ്ഥാനങ്ങളിലെ 52 സ്ഥാനാര്‍ഥികളാണ് രണ്ടാംഘട്ട പട്ടികയിലുള്ളത്. കേരളത്തിലെ മൂന്ന് സ്ഥാനാര്‍ത്ഥികളെ പട്ടികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഒ. രാജഗോപാല്‍ എറണാകുളത്ത് നിന്ന് എ.എന്‍ രാധാകൃഷ്ണന്‍, കാസര്‍ക്കോട് നിന്ന് കെ. സുരേന്ദ്രന്‍ എന്നിവരായിരിക്കും മത്സരിക്കുക.

 

സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷ്മ സ്വരാജ് ഇറങ്ങിപ്പോയി. കര്‍ണാടക ബിജെപിയില്‍ ലയിച്ച ബിഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ശ്രീരാമലൂവിന് ബെല്ലാരി മണ്ഡലം നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഈ നടപടി. ഖനന കേസില്‍ ജയിലില്‍ കഴിയുന്ന റെഡ്ഡി സഹോദരന്മാരുടെ വിശ്വസ്തനാണ് ശ്രീരാമലു.

 

കര്‍ണാടകയില്‍ ബി.ജെ.പിയില്‍ മടങ്ങിയെത്തിയ മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ഷിമോഗ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുതിര്‍ന്ന നേതാവും സിറ്റിംഗ് എം.പിയുമായ അനന്തകുമാര്‍ ബംഗലൂരു സൗത്തില്‍ മത്സരിക്കും. ബി.ജെ.പി ആദ്യം പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 54 പേരാണ് ഉണ്ടായിരുന്നത്. കേരളത്തിലെയും കര്‍ണാടകയിലെയും മൊത്തം 52 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പുറത്തിറക്കിയ പട്ടികയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags: