ഐ.പി.എല്‍ ഒത്തുകളി: ധോണിയ്ക്കെതിരെ വാര്‍ത്ത നല്‍കുന്നതില്‍ നിന്ന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

Tue, 18-03-2014 04:32:00 PM ;
ചെന്നൈ

ms dhoniക്രിക്കറ്റ് കളിയിലെ ഒത്തുകളി, വാതുവെപ്പ് തുടങ്ങിയവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിയെ പരാമര്‍ശിക്കുന്നതോ ധോണിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന തരത്തിലോ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന്‍ മാധ്യമ സ്ഥാപനങ്ങളെ മദ്രാസ് ഹൈക്കോടതി വിലക്കി. സീ മീഡിയ കോര്‍പ്പറേഷന്‍, ന്യൂസ് നേഷന്‍ നെറ്റ്വര്‍ക്ക് എന്നിവയ്ക്കാണ് കോടതി ഇടക്കാല നിയന്ത്രണ ഉത്തരവ് നല്‍കിയിരിക്കുന്നത്.  

 

ധോണി നല്‍കിയ സിവില്‍ പരാതിയില്‍ രണ്ടാഴ്ചത്തേക്കാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. രണ്ട് മാധ്യമസ്ഥാപനങ്ങളും സസ്പെന്‍ഡ് ചെയ്യപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജി. സമ്പത്ത് കുമാറും ചേര്‍ന്ന് നടത്തുന്ന അപകീര്‍ത്തിപരവും തെറ്റായതുമായ പ്രചാരണം നിര്‍ത്തിവെക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് ധോണിയുടെ പരാതി. ഇവരില്‍ നിന്ന്‍ 100 കോടി രൂപ നഷ്ടപരിഹാരവും ധോണി ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റേയും ധോണി ക്യാപ്റ്റനായ ഐ.പി.എല്‍ ക്രിക്കറ്റ് ടീം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റേയും ആരാധകര്‍ക്കിടയില്‍ വെറുപ്പിന് പാത്രമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ.പി.എല്‍ വാതുവെപ്പും ഒത്തുകളിയുമായി ധോണിയ്ക്ക് ബന്ധമുണ്ടെന്ന രീതിയില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതെന്ന് പരാതിയില്‍ പറയുന്നു. ധോണിയെ തമിഴ്‌നാട്‌ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി തീര്‍ത്തും വസ്തുതാവിരുദ്ധമായ വാര്‍ത്ത ന്യൂസ് നേഷന്‍ നെറ്റ്വര്‍ക്ക് നല്‍കിയതായി പരാതിയില്‍ പറയുന്നു.

Tags: