ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്നും തല്‍ക്കാലം മാറിനില്‍ക്കാം: എന്‍. ശ്രീനിവാസന്‍

Thu, 27-03-2014 01:12:00 PM ;
ന്യൂഡല്‍ഹി

 N sreenivasan

 

ഐ.പി.എല്‍ വാതുവെപ്പു കേസില്‍ നടപടികള്‍ പൂര്‍ത്തിയാവുന്നതു വരെ ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്നും മാറിനില്‍ക്കാമെന്ന് എന്‍. ശ്രീനിവാസന്‍ സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്നും തടയരുതെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം സുനില്‍ ഗവാസ്കര്‍ക്ക് ബി.സി.സി.ഐ അധ്യക്ഷസ്ഥാനം നല്‍കണമെന്നും വാതുവെപ്പു കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ടീമുകളായ രാജസ്ഥാന്‍ റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്സിനെയും മത്സരങ്ങളില്‍ നിന്നും ഒഴിവാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

 

ഐ.പി.എല്‍ കോഴക്കേസ് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ തയാറാണെന്ന് ബി.സി.സി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. വാതുവെയ്പ്പ് കേസന്വേഷിക്കാന്‍ കഴിഞ്ഞ ആഗസ്റ്റില്‍ നിയോഗിച്ച മുകുള്‍ മുഗ്ദല്‍ കമ്മിറ്റി ഐ.സി.സിയുടെ തലപ്പത്തേക്ക് മാറാനോരുങ്ങുന്ന ശ്രീനിവാസനും മരുമകന്‍ ഗുരുനാഥ് മെയ്യപ്പനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

 

കഴിഞ്ഞ ദിവസം ബി.സി.സി.ഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഐ.പി.എല്‍. വാതുവെപ്പ് കേസന്വേഷണം സുഗമമായി നടക്കണമെങ്കില്‍ ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്നും എന്‍. ശ്രീനിവാസന്‍ രാജി വെക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു.

Tags: