മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ്ങിനെ ബി.ജെ.പി പുറത്താക്കി

Sun, 30-03-2014 09:56:00 AM ;
ന്യൂഡല്‍ഹി

jaswant singhരാജസ്താനിലെ ബാര്‍മറില്‍ നിന്ന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ്ങിനെ ബി.ജെ.പി ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കി. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ശനിയാഴ്ചയും തന്റെ വിമത നിലപാടില്‍ സിങ്ങ് തുടര്‍ന്നതോടെയാണ് രാത്രി വൈകി ബി.ജെ.പി പുറത്താക്കല്‍ നടപടി പ്രഖ്യാപിച്ചത്.

 

കോണ്‍ഗ്രസില്‍ നിന്ന്‍ പാര്‍ട്ടിയിലെത്തിയ സോനാറാം ചൗധരിയെ ബാര്‍മറില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ് വാജ്പേയി മന്ത്രിസഭയില്‍ ധനാകാര്യം, വിദേശം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ജസ്വന്ത് സിങ്ങ് പാര്‍ട്ടിയുമായി തെറ്റിയത്. ഇത് താന്‍ മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്നും സ്വദേശമായ ബാര്‍മറില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും സിങ്ങ് നേരത്തേ പ്രസ്താവിച്ചിരുന്നു.

 

അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിങ്ങ് മത്സരിച്ച പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്ന എസ്.എസ്. അഹ്ലുവാലിയെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം സിങ്ങിനെ പരിഗണിക്കുമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് പ്രസ്താവിച്ചത്. ഇതേത്തുടര്‍ന്ന്‍ പാര്‍ട്ടി നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച ജസ്വന്ത് സിങ്ങ് നിലവിലെ നേതൃത്വത്തിന്റെ കീഴിലുള്ളത്‌ കപട ബി.ജെ.പിയാണെന്ന് ആരോപിച്ചിരുന്നു.

Tags: